വിശാഖപട്ടണം: ‘കോച്ചിൽ നിറയെ ആളുകളാണ്, ചുറ്റും കൂടുതലും പുരുഷന്മാരാണ്, പേടിയാകുന്നു’ — ട്രെയിൻ യാത്രയ്ക്കിടെ കുടുംബത്തോടും സുഹൃത്തുക്കളോടും അവൾ പങ്കുവച്ച അവസാന സന്ദേശങ്ങളിലൊന്ന് ഇതായിരുന്നു. അസമിലേക്ക് മടങ്ങുകയായിരുന്ന 20കാരിയെ പിന്നീട് കാണാതായി. ദിവസങ്ങൾക്കുശേഷം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ റെയിൽവേ പൊലീസും മറ്റ് അന്വേഷണസംഘങ്ങളും അന്വേഷണം ഊർജിതമാക്കി.
അസമിലെ കാമരൂപ് ജില്ലക്കാരിയായ യുവതി ഗുവാഹത്തിയിലെ ബി. ബറൂവ കോളേജിലെ വിദ്യാർഥിനിയാണ്. നൃത്തപരിപാടികളിൽ പങ്കെടുക്കാനായാണ് സംഘത്തോടൊപ്പം വിശാഖപട്ടണത്ത് എത്തിയത്. ഒക്ടോബർ 10ന് ഗുവാഹത്തിയിൽ ബാങ്ക് പരീക്ഷ എഴുതേണ്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മടക്കയാത്രയ്ക്കായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ഉറപ്പായില്ലെന്ന് പൊലീസ് പറയുന്നു.
തുടർന്ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി അസമിലേക്ക് പോകുന്ന ദിബ്രുഗഡ് വിവേക് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22503) കയറി. ഒക്ടോബർ അഞ്ചിന് രാത്രി 11.50ഓടെയാണ് ട്രെയിനിൽ കയറിയതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. രാത്രി 12.10ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഒക്ടോബർ ഏഴിന് രാവിലെ 9.05ന് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു.
യാത്രയ്ക്കിടയിലും യുവതി കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ട്രെയിനിലെ തിരക്കും ചുറ്റുമുണ്ടായിരുന്ന പുരുഷന്മാരുടെ എണ്ണവും തന്നെ ഭയപ്പെടുത്തുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കുടുംബത്തിനയച്ച അവസാന സന്ദേശങ്ങളിലും ഭയം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഒക്ടോബർ ആറിനാണ് യുവതിയുമായി കുടുംബം അവസാനമായി സംസാരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ അവസാനമായി സംസാരിച്ച സമയത്തെക്കുറിച്ച് പരാതിയിൽ വ്യത്യസ്ത വിവരങ്ങളുണ്ട്. അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിയാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇതോടെ ആശങ്കയിലായ അമ്മ ഗുവാഹത്തിയിലെ റെയിൽവേ പൊലീസിനെയും റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139നെയും സമീപിച്ചു.
യുവതിയെ കണ്ടെത്താൻ ബന്ധുക്കൾ അസമിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും പൊലീസിനും വിവരങ്ങൾ കൈമാറി. ഇതിനിടെ ട്രെയിനിലെ എസ്-2 കോച്ചിൽ യുവതിയുടെ ബാഗും മറ്റ് സാധനങ്ങളും കണ്ടെത്തി. ഇതേത്തുടർന്ന് റെയിൽവേ പൊലീസ് ട്രെയിൻ കടന്നുപോയ വഴികളിൽ പരിശോധന നടത്തി.
ഒടുവിൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മലയാപുരത്തിന് സമീപമുള്ള വനമേഖലയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് ആർ.പി.എഫ്. വൃത്തങ്ങൾ നൽകുന്ന വിവരം.
യുവതി ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതാണോ അതോ മറ്റെന്തെങ്കിലും സംഭവമാണോ മരണത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് പരിശോധനാ ഫലങ്ങൾ നിർണായകമാകും. മൃതദേഹത്തിലെ മുറിവുകൾ, സംഭവസ്ഥലത്തെ സാഹചര്യങ്ങൾ, ദൃക്‌സാക്ഷികളുടെ മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, കാണാതാകുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ യുവതിക്കൊപ്പം കണ്ട അജ്ഞാതനായ വ്യക്തിയെ തിരിച്ചറിയാനും ഇയാൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമാക്കാനുള്ള അന്വേഷണം തുടരുകയാണ്.




