ഷാരോണിനെ കൊലപ്പെടുത്താനുള്ള വിഷത്തിന്റെ പ്രവർത്തന രീതി ​ഗ്രീഷ്മ ​ഗൂ​ഗിളിൽ സേർച്ച് ചെയ്ത് മനസിലാക്കി, കഷായത്തിൽ ചേർത്ത് നൽകിയത് ‘പാരക്വറ്റ്’ കളനാശിനി, ​ഗ്രീഷ്മ കഷായം നൽകിയതായി ഷാരോൺ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാ​ഗം- ഷാരോൺ രാജ് വധക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ രാജ് വധക്കേസിൽ മൂന്നു വർഷത്തെ വിചാരണയ്ക്കു ശേഷം വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി എഎം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. ഷാരോൺ പ്രണയബന്ധത്തിൽനിന്നു പിന്മാറാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയായ ​ഗ്രീഷ്മയ്ക്ക് സൈന്യത്തിൽ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെ താനുമായുള്ള വിവാ​ഹത്തിൽ നിന്നു പിന്മാറാൻ പറഞ്ഞുവെങ്കിലും തയാറാകാതെ വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ മറ്റു പ്രതികൾ. വിഷം കൊടുക്കൽ‌, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ‌ ഗ്രീഷ്മ ചെയ്തെന്നു തെളിഞ്ഞതായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത്കുമാർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമലകുമാരൻ നായർക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു.

2022 ഒക്‌ടോബർ 20ന് ഷാരോൺ മരിക്കുന്നതിനു മുൻപ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം മജിസ്‌ട്രേറ്റ് ലെനി തോമസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെടുത്ത മരണമൊഴിയാണ് കേസിനു ഏറെ ബലം നൽകിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ലാസ് കഷായമാണ് താൻ കുടിച്ചതെന്നു ഷാരോൺ പറഞ്ഞിരുന്നു. വിഷം കലർത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിലും തെളിഞ്ഞിരുന്നു. കൂടാതെ ‘പാരക്വറ്റ്’ എന്ന കളനാശിനിയാണ് കഷായത്തിൽ കലർന്നിരുന്നതെന്നു വിദഗ്ധർ കണ്ടെത്തുകയും ചെയ്തു.

മാത്രമല്ല ഗ്രീഷ്മ തന്നെ ചതിച്ചെന്നു ഷാരോൺ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസിൽ പിൻബലമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുൻപ് ഷാരോൺ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പെലീസിനോടു പറഞ്ഞിരുന്നു. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ച് കഷായം കഴിച്ചതിനെ തുടർന്നാണു മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ജെപി ഷാരോൺരാജ് (23) ദുരൂഹസാഹചര്യത്തിൽ മരിച്ചത്.

പാനീയം കഴിച്ച ഉടൻ ഛർദ്ദിക്കുകയും വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമാകുകയും ചെയ്തു. 25-ാം തീയതിയാണ് ഷാരോൺ മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ, അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും തുടർന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു.

തുടർന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയും തൊട്ടടുത്ത ദിവസം പോലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഷായത്തിൽ കളനാശിനി കലർത്തി നൽകി ഗ്രീഷ്മ തന്നെ ചതിച്ചെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നപ്പോൾ കരഞ്ഞു പറഞ്ഞുവെന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. ശാരീരിക ബന്ധത്തിനു നിർബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം നൽകിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിഷത്തിന്റെ പ്രവർത്തനരീതി മനസിലാക്കാനായി ഗൂഗിളിൽ സെർച്ച് നടത്തിയതായും പോലീസ് കണ്ടെത്തി. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ തെളിവുകളും ഫൊറൻസിക് തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഗ്രീഷ്മ കഷായം നൽകിയെന്നു ഷാരോൺ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോൺ കഷായം സ്വയം എടുത്തു കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗം വാദിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7