കയ്യിൽ പണമില്ലായിരുന്ന ബോബിക്ക് 200 രൂപ നൽകി, ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി അടുപ്പക്കാർക്ക് കാണാനുള്ള അവസരമൊരുക്കിക്കൊടുത്തു, ബോബിയെ കാണാനെത്തിയത് ജയിൽ സന്ദർശന പട്ടികയിൽ പേര് ചേർക്കാതെ, സംസാരം സൂപ്രണ്ടിന്റെ മുറിയിലിരുന്ന്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക പരി​ഗണന?- സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിൻ്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

മാത്രമല്ല ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാൻ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് ജയിലിലെത്തി. കൂടാതെ ബോബി ജയിലിലെത്തിയപ്പോൾ കൈയിൽ പണമില്ലായിരുന്നു. ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 രൂപ നേരിട്ട് നൽകി. പിന്നീട് ഇത് രേഖകളിൽ എഴുതി ചേർക്കുകയായിരുന്നു.

അതേ സമയം നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിൽക്കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് വൈകിട്ട് മൂന്നരയ്ക്ക് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുക. ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് വിലയിരുത്തിയ കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കുളള താക്കീതാണ് പ്രോസിക്യൂഷൻ നടപടികളെന്നും നിരീക്ഷിച്ചു.

മാത്രമല്ല ബോബി ചെമ്മണ്ണൂരിൻറെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിൻറെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. എന്നാൽ നടി അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ലെന്ന വാദത്തിനു നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാ‍ഞ്ഞു.
“എന്തുകൊണ്ട് കസ്റ്റഡിയിൽ വിടണം?” കോടതി- “നടിയെ നിരന്തരം അപമാനിക്കുന്നു, സമൂഹത്തിന് സന്ദേശമാകണം”- പ്രോസിക്യൂഷൻ, “പ്രതി റിമാൻഡിലായതോടെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞു”- ഹൈക്കോടതി

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവർക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാംമുളള മറുപടിയാണ് ഈ കേസ്.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നൽകിയാൽ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7