തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്ന് പാർട്ടിയിൽ നടക്കുന്ന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച തന്നെ മുഖ്യമന്ത്രി പി ശശിയേയും എംആർ അജിത് കുമാറിനേയുംകാൾ വലിയ കള്ളനാക്കിയെന്ന് പി.വി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണമുന്നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് പി ശശിയാണ്. എംഎൽഎ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്. ആ 150 കോടിയുടെ കാര്യം നിയമസഭയിൽ ഉന്നയിക്കണമെന്ന് പി ശശി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി ആവശ്യപ്പെട്ട ആ ദൗത്യം താൻ ഏറ്റെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ സതീശനുണ്ടായ മാനഹാനിക്ക് താൻ കേരള സമൂഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും പിവി അൻവർ പറഞ്ഞു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്. അതിൽ പ്രധാനം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ ഉന്നയിച്ച ആരോപണമാണ്. ഇനി അത് വിശദീകരിക്കാതെ രക്ഷയില്ല. ആ ആരോപണം ഉന്നയിച്ച നിയമസഭ സമ്മേളനത്തിന്റെ തൊട്ടുമുമ്പാണ് ഇങ്ങനെയൊരു ചർച്ചവരുന്നത്. മുഖ്യമന്ത്രിക്കെതിരേ അന്ന് നിരന്തരമായ ആരോപണങ്ങൾ സഭയ്ക്കകത്തും പുറത്തും ഉയർന്നുവന്നിരുന്നു. അന്ന് അവരോടൊക്കെ വിദ്വേഷമുണ്ടായിരുന്നു. അതിലൊന്നും അടിസ്ഥാനമില്ലെന്നും ഒരുമനുഷ്യനെ ഒറ്റയ്ക്ക് ആക്രമിക്കുകയാണെന്നും തോന്നി. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് സതീശനെതിരേ ഇങ്ങനെയൊരു വിഷയമുണ്ട് അത് സഭയിൽ ഉന്നയിക്കണമെന്ന് പറഞ്ഞത്. അന്ന് സഭ നേരത്തെ പിരിഞ്ഞു. അത് കഴിഞ്ഞിട്ടുള്ള സഭാസമ്മേളനത്തിലാണ് ഈ വിഷയം ഡ്രാഫ്റ്റ് ചെയ്ത് എനിക്ക് നൽകിയത്.
തിരഞ്ഞെടുപ്പ് സമയത്ത് 150 കോടി രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എനിക്ക് ടൈപ്പ് ചെയ്തുനൽകി. ഞാൻ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് ആവേശമായി. 150 കോടി രൂപ കൈക്കൂലി വാങ്ങിയിട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് കരുതി. ഞാൻ പിതാവിനെപ്പോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയം ഉന്നയിക്കാൻ പറ്റിയ വ്യക്തി ഞാനാണെന്ന് പി. ശശി തന്നെയാണ് പറഞ്ഞത്. ഞാൻ ആ ആരോപണം വെറുതെവിളിച്ച് പറഞ്ഞതല്ല. സ്പീക്കർക്ക് വിഷയം നൽകി സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിച്ചത്. അതെല്ലാം ചെയ്തുനൽകിയത് ശശിയാണ്.
എന്നെ ഏൽപ്പിച്ച ഭാരം ഞാൻ പറഞ്ഞു. അവർ എഴുതിതന്നത് പറഞ്ഞു. കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദിച്ചപ്പോൾ പൂർണമായും ശരിയാണ് എംഎൽഎ ധൈര്യമായിട്ട് പറഞ്ഞോളൂ എന്നായിരുന്നു പി ശശിയുടെ മറുപടി. പക്ഷേ, ആ ആരോപണത്തിൽ വിജിലൻസ് കോടതിയിൽ പരാതി എത്തിയതോടെ അന്വേഷണമുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ വസ്തുതയില്ലെന്ന് കണ്ടെത്തി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ
പക്ഷെ ശശി എന്നെ ലോക്ക് ചെയ്യാൻ അന്നുമുതലേ പ്ലാനിങ് തുടങ്ങിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിൽ എന്നെ ഏറ്റവും വലിയ ശത്രുവാക്കാനുള്ള ഗൂഢാലോചന അന്നുണ്ടായോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തയില്ലെന്നും പിവി അൻവർ പറഞ്ഞു.
മാത്രമല്ല അജിത്കുമാറിനും പി ശശിക്കുമെതിരേ ആരോപണമുന്നയിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. ”ഒരിക്കലും മുഖ്യമന്ത്രിയെ ചേർത്തുപറഞ്ഞിട്ടില്ല. അദ്ദേഹം എന്നെ തള്ളിപറയുന്നത് വരെ ഞാൻ മനസിലാക്കിയത് പി ശശി, അജിത്കുമാർ കോക്കസിൽ മുഖ്യമന്ത്രി കുടുങ്ങികിടക്കുകയാണെന്നാണ്. അദ്ദേഹം ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിച്ചു. ഒരുഘട്ടത്തിൽ മുഖ്യമന്ത്രി എന്നെ ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. പി ശശിക്കെതിരേ നടത്തിയ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് പറഞ്ഞു.
ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു
അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി. പിന്നെ ഞാൻ നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം എത്തിനിൽക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുകയും ഞാൻ അതിന് തിരിച്ച് മറുപടി നൽകുകയും ചെയ്തതോടെ അതുവരെ എന്നെ പിന്തുണച്ചിരുന്ന സിപിഎം നേതൃത്വം എന്നോട് ബന്ധവുമില്ലാതെയായി. ആരാണോ എന്നെ നിയോഗിച്ചത്, അവരെല്ലാം ഫോൺ എടുക്കാതെയായി. രണ്ടുദിവസം ശ്രമിച്ചു. രണ്ടാമത്തെ ദിവസം ഫോൺവിളി പൂർണമായും നിർത്തി. അവർ താനുമായി ആശയവിനിമയം നടത്താൻ താത്പര്യപ്പെടുന്നില്ലെന്ന് മനസിലായി’യെന്നും അൻവർ വിശദീകരിച്ചു.
മുസ്ലിം ലീഗ് ഒരു സോഫ്റ്റ് പാർട്ടിയാണ്. ആരോടും ശത്രുതാ മനോഭാവമില്ല, എന്നോടുമില്ല അങ്ങനെയൊരു പാർട്ടിയെയാണ് തീവ്രവാദ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ആർഎസ്എസ് പോലും ഇത്തരം ആരോപണം ഉന്നയിക്കില്ലെന്നും അൻവർ. തന്റെ പോരാട്ടം പിണറായിസത്തിനെതിരെ. നിലമ്പൂരിൽ വിഎസ് ജോയിയെ നിർത്തണമെന്നാണ് തന്റെ ആഗ്രഹം. ഉപ തെരഞ്ഞടുപ്പിൽ നിലമ്പൂർ നിൽക്കില്ല. ഇനിയുള്ള തന‍്റെ പോരാട്ടം മലയോര ജനയ്ക്കുവേണ്ടിയാണ്. ക്രിസ്ത്യൻ കമ്യൂണിറ്റികളാണ് മലയോര മേഖലയിൽ പുരോഗമനവും പള്ളിക്കൂടങ്ങളും കൊണ്ടുവന്നത്. അവർക്കൊരു പ്രശ്നം വരുമ്പോൾ ഭൂമി കയ്യേറിയവല്ലേയെന്നു പറയുകയല്ല വേണ്ടതെന്നും അൻവർ പറഞ്ഞു.
എന്നാൽ തന്റെ അടുത്തനീക്കമെന്തെന്നു വിശദീകരിക്കാനും അൻവർ തയാറായില്ല. എല്ലാം ഒറ്റയടിക്കു പറഞ്ഞാൽ വാർത്തകൾ ഇല്ലാതാവില്ലെയെന്നായിരുന്നു അൻവറിന്റെ പ്രതികരണം.
Leave a Comment