തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ മണിയൻ എന്ന ഗോപൻ സ്വാമി(69)യെ സമാധിയിരുത്തിയ സംഭവത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നും ബന്ധപ്പെട്ട് ചിലർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് ദുരൂഹത ആരോപിക്കുന്നതെന്നും ആവർത്തിച്ച് കുടുംബം. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് കുടുംബം വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്.
എന്റെ കല്യാണത്തിന് മുമ്പേ അദ്ദേഹത്തിന് ധ്യാനമുണ്ട്’. ധ്യാനത്തിനിരിക്കുന്നത് പോലെ ഇരിക്കുന്നതിനിടെയാണ് ഗോപൻസ്വാമി സമാധിയായതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലോചന തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്. അച്ഛൻ സമാധിയായെന്ന് മോൻ പറഞ്ഞു. സാധാരണ ഇരിക്കുന്നത് പോലെ ആയിരുന്നില്ല അദ്ദേഹം ഇരുന്നിരുന്നത്. ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്. സുലോചന പറഞ്ഞു.
മാത്രമല്ല ഗോപൻസ്വാമി സ്ഥാപിച്ച ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചിലർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് ഇപ്പോൾ മരണത്തിൽ ദുരൂഹത ആരോപിക്കുന്നതെന്നും കുടുംബം ആവർത്തിച്ചു. ഇതിനിടെ ഗോപൻസ്വാമിയെ മക്കൾ സമാധിയിരുത്തി അടക്കിയ കോൺക്രീറ്റ് അറ തിങ്കളാഴ്ച പൊളിച്ച് പരിശോധിക്കും. ഇതു പൊളിക്കാനായി നേരത്തെ പോലീസ് കളക്ടറുടെ അനുമതി തേടിയിരുന്നു. തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ സമാധിയിടം പൊളിക്കാൻ പോലീസിന് കളക്ടർ നിർദേശം നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക്‌ശേഷം കല്ലറ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കും. ജില്ലാ കളക്ടർ, ഡിവൈഎസ്പി തുടങ്ങിയവർ എത്തിയശേഷം ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും നടപടികൾ. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കും. മണിയൻ എന്ന ഗോപൻസ്വാമി(69) സമാധിയായതിനെത്തുടർന്ന് പദ്മപീഠത്തിലിരുത്തി കോൺക്രീറ്റ് അറയിൽ സംസ്‌കരിച്ചെന്നാണ് മക്കൾ പോലീസിനു നൽകിയ മൊഴി. മരണവിവരം അയൽവാസികളെപ്പോലും അറിയിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്. നാട്ടുകാരായ രണ്ടുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗോപൻസ്വാമിയെ കാണാനില്ലെന്നാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നത്. സമാധിമണ്ഡപം തുറന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ കൂടുതൽ ജീർണിച്ചില്ലെങ്കിൽ മാത്രമേ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തൂ. അല്ലെങ്കിൽ ഇതിനു സമീപത്തുവച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.
Leave a Comment