വടക്കാഞ്ചേരി: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഒരാള്‍ മരിച്ചെന്നു വിവരം. ഒരാള്‍ മോസ്‌കോയിലെത്തി. മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി ബിനിലാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന കുറാഞ്ചേരി സ്വദേശി ജെയിന്‍ മോസ്‌കോയില്‍ എത്തി. റഷ്യന്‍ അധിനിവേശ യുക്രൈയ്നില്‍ നിന്നുമാണ് ജെയിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയത്. ജെയിന്‍ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
യുക്രൈയിനിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ ബിനിലിന് പരിക്കേറ്റതായി വിവരമുണ്ടായിരുന്നു. കുറച്ചുനാള്‍ ആശുപത്രിയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് മോസ്‌കോയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിന്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. യുവാക്കളെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണം. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തുന്നത്. അതിനുശേഷം ഒരു ബന്ധു ഇവരെ പറ്റിക്കുകയും ഇരുവരും കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടു പോവുകയുമായിരുന്നു.
ബിനില്‍ ബാബുവിന്റെ മരണം
വിശ്വസിക്കാനാകാതെ വീട്ടുകാര്‍
അത്താണി: യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ ഷെല്ലാക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു (27)വിന്റെ മരണം വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. ആദ്യത്തെ കണ്‍മണിയെ കാണാതെയാണ് ബിനില്‍ ബാബു വിട പറഞ്ഞത്. അത്താണി കുറാഞ്ചേരി തെക്കേമുറിയില്‍ കുര്യന്റെയും ജെസിയുടെയും മകള്‍ ജോയ്സിയാണ് കൊല്ലപ്പെട്ട ബിനില്‍ ബാബുവിന്റെ ഭാര്യ. ജോയ്സി ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ബിനില്‍ ബാബു റഷ്യയില്‍ ജോലിക്ക് പോയത്.
നാലുമാസം പ്രായമായ മകന്‍ ജെയ്ക്കിനെ ഒരുനോക്കുപോലും കാണാന്‍ ബിനിലിന് സാധിച്ചില്ല. ബിനില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ചൊവ്വാഴ്ച വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഒപ്പം പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യാസഹോദരന്‍ ജെയിന്‍ കുര്യന്‍ ഐസിയുവില്‍ കഴിയവെ നല്‍കിയ വാട്സ്ആപ് സംഭാഷണത്തിലാണ് ഇക്കാര്യം അന്നു പറഞ്ഞത്. ഇക്കാര്യം വീട്ടുകാരെയും ജോയ്സിയെയും അറിയിച്ചിരുന്നില്ല. ഇരുവരും അപകടത്തില്‍പെട്ടുവെന്ന് മാത്രമാണ് പറഞ്ഞത്.
ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ബന്ധുക്കള്‍ക്ക് കിട്ടിയതിനുശേഷമാണ് വിവരം നാട്ടുകാരം അടുത്ത ബന്ധുക്കളും അറിയുന്നത്. ബംഗളൂരില്‍ നഴ്സിങ് പരീക്ഷയെഴുതി കൊണ്ടിരിക്കുമ്പോഴാണ് ജോയ്സിയെ ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുവന്നത്. ഔദ്യോഗിക അറിയിപ്പ് വന്നതിനുശേഷമാണ് ജോയ്സിയെ ബിനിലിന്റെ മരണവിവരം അറിയിക്കുന്നത്.
Leave a Comment