ന്യൂഡൽഹി: 10 വർഷത്തിനിടെ ഒന്നിലേറെ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാൽ കോടി തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൊള്ളക്കാരി വധു എന്നു പോലീസ് വിശേഷിപ്പിക്കുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് അറസ്റ്റിലായത്. 2013-ലാണ് ഇവർ ആഗ്രയിൽ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകൾക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരിൽ കേസ് കൊടുക്കുകയും ഒത്തുതീർപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ഇതായിരുന്നു ഇവരുടെ തുടക്കം.
2017-ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേർപിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റിൽമെന്റായി വാങ്ങുകയും ചെയ്തു. അതുപോലെ 2023-ൽ ജയ്പുർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവർ വിവാഹം കഴിച്ച് 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവരുടെ വീട്ടിൽ നിന്ന് ഇവർ കടന്നു.
പിന്നീട് വീട്ടുകാർ കേസ് കൊടുത്തതിനെത്തുടർന്നാണ് ജയ്പൂർ പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തിൽ സീമ മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും ഡേറ്റിങ് ആപ്പുകളിൽ നിന്നുമാണ് തട്ടിപ്പിനുള്ള ഇരകളെ കണ്ടെത്തിയത്. സാധാരണയായി വിവാഹമോചിതരായവരോ അല്ലെങ്കിൽ ഭാര്യമാരെ നഷ്ടപ്പെട്ടതോ ആയ പുരുഷന്മാരെയാണ് ഇവർ ലക്ഷ്യമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവാഹം കഴിച്ച് വിവിധ കേസുകളിലായി 1.25 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജയ്പൂർ പോലീസ് സീമയെ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അമിത് കുമാർ പറഞ്ഞു. മുമ്പ് സമാനമായ രീതിയിൽ മറ്റ് ബിസിനസുകാരെയും പ്രൊഫഷണലുകളെയും കബളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Leave a Comment