എറണാകുളം: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധത്തിന് അയവില്ല. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും അല്മായരെയും സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നവരാക്കാന്‍ സ്ഥാപിച്ച സെപ്ഷല്‍ ട്രൈബൂണലിനെ അതിരൂപത പൂര്‍ണമായും തള്ളിക്കളയുന്നെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി. അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംരക്ഷണ സമിതിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലടക്കം വ്യാപകമായി നിലപാടിനെക്കുറിച്ചുള്ള കുറിപ്പു പ്രചരിക്കുന്നു.
മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച കുര്‍ബാന തക്‌സ തിരുത്തിയ അന്നത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ വിചാരണ ചെയ്യാനായിരുന്നു ഒരു സ്‌പെഷല്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടിയിരുന്നതെന്ന രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ‘മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിരെ അസത്യങ്ങള്‍ മാര്‍പാപ്പയ്ക്കു എഴുതിയപ്പോഴും ഇത്തരം വിചാരണ കോടതിയെ കണ്ടില്ല. അതിനു പകരം ഇപ്പോള്‍ ഇങ്ങനെയൊരു ട്രൈബൂണല്‍ സ്ഥാപിച്ചപ്പോള്‍ അതിന്റ തലപ്പത്ത് പ്രതിഷ്ഠിച്ച വ്യക്തിയെ നോക്കിയാല്‍ അറിയാം സിനഡിന്റെ കുല്‍സിത ലക്ഷ്യമെന്തെന്ന്.
എറണാകുളം-അങ്കമാലി അതിരൂപതയെ ശത്രുപക്ഷത്ത് കണ്ട് ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ക്കെതിരെ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് പാമ്പാറയെ തന്നെ അതിന്റെ പ്രസിഡന്റാക്കിയതു അധാര്‍മികതയുടെ അങ്ങേയറ്റമാണ്.
ശരിയായ നടപടി ക്രമങ്ങള്‍ പാലിക്കാതെയും നിയമവിരുദ്ധമായും സിനഡ് എടുത്ത ഒരു തീരുമാനത്തെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും ചെറുക്കുന്നത്.
അതിനെതിരെ ട്രൈബൂണല്‍ സ്ഥാപിച്ച് ഞങ്ങളെ വിചാരണചെയ്ത് ഇല്ലാതാക്കുമെന്നൊക്കെ കരുതുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. മാര്‍ ബോസ്‌കോ അതിരൂപതയെ സാമ്പത്തികമായി തകര്‍ക്കാന്‍ ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്ത ഫാ. ജോഷി പുതുവയേയും ഫാ. സൈമണ്‍ പള്ളുപ്പേട്ടയേയും, ഫാ ജേക്കബ് പാലക്കപ്പിള്ളിയേയും കൂരിയാംഗങ്ങളായി നിയമിച്ചതുപോലെയുള്ള മറ്റൊരു നിയമനമാണ് ഇവിടെയും കാണുന്നത്.
ഇത്തരം അധാര്‍മികമായ ട്രൈബൂണലിനെ ഇവിടുത്തെ വൈദികരും സന്ന്യസ്തരും അല്മായരും തീര്‍ത്തും അവഗണിക്കുന്നു. ട്രൈബുണല്‍ അംഗങ്ങള്‍ക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇരുന്ന് സുഖിക്കാമെന്നല്ലാതെ അവരുടെ ഒരു തീട്ടുരത്തിനും അതിരൂപതയിലെ ആരും മറുപടി നല്കുകയില്ല. ഇപ്പോഴത്തെ ക്രിമിനല്‍ കൂരിയായുടെയും അതിനെ നയിക്കുന്ന അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററിന്റെയും കല്പനകള്‍ ചവറ്റുകൊട്ടയില്‍ ഇടുന്നതുപോല തന്നെയായിരിക്കും ഈ സ്‌പെഷല്‍ ട്രൈബൂണലിന്റെയും സ്ഥിതി.
കാനോന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് വൈദികര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ ആരാണ് മെത്രാന്‍മാര്‍ക്ക് അധികാരം നല്‍കിയത്? വൈദികരും സന്യസ്തരും അല്‍മായരും മെത്രാന്മാരുടെ അനീതിയെ ചോദ്യം ചെയ്യുമ്പോള്‍ കാനോന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് വൈദികരെയും സന്യസ്തരെയും അല്‍മായരെയും വിചാരണ ചെയ്യുന്ന രീതി ഈ അതിരൂപതയില്‍ വിലപ്പോകുകയില്ല എന്നത് സീറോ മലബാര്‍ സഭാ പിതാക്കന്മാര്‍ അധികം വൈകാതെ അറിയും. മാര്‍ ബോസ്‌കോ കാനോന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടു മഞ്ഞപ്ര പള്ളിയിലെ അസിസ്റ്റന്റ്് വികാരി ഫാ. ജെഫ് പൊഴേലിപറമ്പിലിനെ സസ്‌പെന്‍ഡ് ചെയ്ത ഡിക്രിയെ ജെഫച്ചന്‍ നൈയാമികമായി ചോദ്യം ചെയ്തപ്പോള്‍ മാര്‍ ബോസ്‌കോയ്ക്ക് ആ സസ്‌പെന്‍ഷന്‍ ഡിക്രി പിന്‍വലിക്കേണ്ടതായി വന്നു.
ഇതുപോലെ തന്നെയാകും ഇപ്പോഴത്തെ ക്രിമിനല്‍ കൂരിയായുടെയും സ്‌പെഷല്‍ ട്രൈബൂണലിന്റെയും സ്ഥിതി എന്ന് അതിരൂപത സംരക്ഷണ സമിതി വിലയിരുത്തി. ഏകപക്ഷീയമായ ഇത്തരം സ്‌പെഷല്‍ ട്രൈബൂണലിനോട് അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും പുച്ഛം മാത്രമാണുള്ളതെന്നും സംരക്ഷണ സമിതി കൂട്ടായ്മ വ്യക്തമക്കി.