ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ രാജ്യമെങ്ങും പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പാർലമെന്റിലടക്കം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി ഇതിനിടെ അമിത്ഷായെ വിമർശിച്ചുകൊണ്ട് നടൻ വിജയ് രംഗത്ത് എത്തി. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ് എക്സിൽ കുറിച്ചു.
‘‘ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട അസാധാരണ രാഷ്ട്രീയ, ബൗദ്ധിക പ്രതിഭയായിരുന്നു അദ്ദേഹം. അംബേദ്കര്‍…അംബേദ്കര്‍… അംബേദ്കര്‍…അദ്ദേഹത്തിന്റെ പേരിനാൽ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെ. നാം അത് ഉച്ചരിക്കിക്കൊണ്ടേയിരിക്കണം. നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാർട്ടിയുടെ പേരില്‍, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.’’ – വിജയ് എക്സിൽ കുറിച്ചു.
തമിഴ്നാട്ടിലെ ദലിത് വോട്ടർമാരെയാണു വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നതെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഈ വർഷം പത്ത്, പ്ല്സടു വിദ്യാർഥികളെ ആദരിക്കാൻ നടത്തിയ ചടങ്ങിൽ വിജയ് ദലിത് വിദ്യാർഥികൾക്കിടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. 2011ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദലിതരാണ്. നിലവിൽ തമിഴ്നാട്ടിലെ വിവിധ മുന്നണികളിലുള്ള ദലിത് പാർട്ടികളെ ഒന്നിച്ചു നിർത്താൻ വിജയ് മുന്നിട്ടിറങ്ങുമെന്നുമാണു സൂചനകൾ.
‘‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ആവർത്തിച്ചു പറയുന്നതു ഫാഷനായിരിക്കുകയാണ്. അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നുവെങ്കിൽ ഏഴു ജന്മങ്ങളിലും ഇവർക്കു സ്വർഗം ലഭിക്കുമായിരുന്നു.’’ – ഇതായിരുന്നു അമിത് ഷായുടെ വിവാദമായ പരാമർശം.
Leave a Comment