ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ. ഒരു രാത്രി മുഴുവൻ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്.
തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് അല്ലുവിന് ജയിലിൽ കഴിയേണ്ടി വന്നത്. ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചൽഗുഡ ജയിൽ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാൻ ജയിൽ ചട്ടം അനുവദിക്കുന്നില്ല. ഇതോടെ ജയിലിലെ എ1 ബാരക്കിലിൽ അല്ലു അർജുനു കഴിയേണ്ടി വന്നു. അല്ലു ജയിലിലാണെന്ന് അറിഞ്ഞതിനു പിന്നലെ ജയിലിന് മുന്നിൽ ആരാധകർ തടിച്ചുകൂടിയതിനാൽ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.
ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അർജുനെ പുറത്തിറക്കാത്തതിൽ ജയിൽ അധികൃതർ ഉത്തരം പറയേണ്ടി വരുമെന്നും നിയമപരമായി നേരിടുമെന്നും നിലവിൽ അല്ലു വീട്ടിൽ തിരിച്ചെത്തിയെന്നും താരത്തിന്റെ അഭിഭാഷകൻ അശോക് റെഡ്ഡി വ്യക്തമാക്കി.
കേസിൽ വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹിൽസിലെ വീട്ടിലെത്തിയാണ് അല്ലു അർജുനെ പോലീസ് അറസ്റ്റുചെയ്തത്. പിന്നീട‌് നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നൽകിയത്.