കൊച്ചി: ‘‘ഞാനെന്റെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ആ കടം തിരിച്ചടയ്ക്കാൻ ശ്രമിക്കുവാണ്. ആരെയും പറ്റിച്ചിട്ട് എങ്ങോട്ടും പോയിട്ടില്ല. കോവിഡ് കാരണം തിരിച്ചു പോകാൻ പറ്റാതായതോടെ വീസ പുതുക്കാൻ പറ്റിയില്ല’’– കുവൈത്തിലെ ‘ഗൾഫ് ബാങ്കി’ൽ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ കേസ് റജിസ്റ്റർ ചെയ്ത എറണാകുളം ജില്ലക്കാരനായ നഴ്സ് കരച്ചിലിന്റെ വക്കിലാണ് സംസാരിച്ചത്. ഇയാള്‍ക്ക് എതിരെയടക്കം എറണാകുളം ജില്ലയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കളമശേരി, പുത്തൻകുരിശ്, വരാപ്പുഴ, ഞാറയ്ക്കൽ, കോടനാട്, ഊന്നുകൽ, കാലടി എന്നീ 8 പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന എറണാകുളം ജില്ലക്കാരനായ ബിജു മൂഞ്ഞേലിയും സമാന വിധത്തിൽ കോവിഡ് സമയത്ത് കുവൈറ്റിൽ നിന്ന് പോന്നയാളാണ്. 98.40 ലക്ഷം രൂപ ബിജു തിരിച്ചടയ്ക്കാനുണ്ടെന്നു ബാങ്ക് പറയുന്നു. കോവിഡ് യാത്രാ വിലക്ക് മൂലം വീസ കാലാവധി കഴിഞ്ഞതോടെ ബിജുവിനും തിരിച്ചു പോകാൻ പറ്റാതായി. ജോലിയുള്ള സമയത്ത് തവണകളായി പണം അടിച്ചിരുന്നതാണെന്നും ബിജു പറയുന്നു. എറണാകുളം കൂവപ്പടി സ്വദേശിയായ റീത്ത ഷിബു ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലി രാജി വച്ച് തിരിച്ചു പോന്നതാണ്. ഇക്കാര്യം ബാങ്കിനെ വ്യക്തമായി അറിയിച്ചിരുന്നെന്നും ഇക്കഴിഞ്ഞ ഒക്ടോബറിലും വായ്പ പൂർണമായി തിരിച്ചടയ്ക്കുന്ന കാര്യങ്ങൾ ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നു എന്നും റീത്ത പറയുന്നു.
നഴ്സായി ജോലി ചെയ്തിരുന്ന വ്യക്തി കേരളത്തിൽ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 1.21 കോടി രൂപയാണ് ഇയാൾക്ക് കടമുള്ളതായി ബാങ്ക് പറയുന്നത്. ‘‘ഇതൊന്നും ഒറ്റയടിക്ക് എടുത്തിട്ടുള്ളതല്ല. ഏഴു വർഷം കൊണ്ട് പുതുക്കി പുതുക്കി എടുത്തതാണ്. കോവിഡ് വരെ 300-350 ദിനാർ (85,000–90,000 രൂപ) മാസം തോറും അടച്ചുകൊണ്ടിരുന്നതാണ്. രണ്ടാം തവണ കോവിഡ് വന്നപ്പോഴാണ് ലീവിന് നാട്ടിലേക്ക് വന്നത്. പാസ്പോർട്ട് പുതുക്കേണ്ട സമയവുമായിരുന്നു. അത് നീണ്ടു പോയതോടെ വീസയുടെ കാലാവധിയും കഴിഞ്ഞു. തിരിച്ചു പോകാൻ പറ്റിയില്ല. ഈ പണം എങ്ങനെ തിരിച്ചടയ്ക്കും എന്നാണ് എന്നും ആലോചിച്ചു കൊണ്ടിരുന്നത്. ആരേയും പറ്റിക്കാൻ ഉദ്ദേശിച്ചിരുന്നില്ല’’– പേര് വെളിപ്പെടുത്താത്ത നഴ്സായ വ്യക്തി പറഞ്ഞു.
നായരമ്പലം സ്വദേശിയായ ദീപക് 1.16 കോടി രൂപയുടെ കടക്കാരനാണെന്നാണ് ബാങ്ക് പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബിസിനസ് ചെയ്യാനാണ് ബാങ്ക് വായ്പ എടുത്തത്. എന്നാൽ കോവിഡ് എല്ലാ പ്രതീക്ഷകളും തകർത്തതിനൊപ്പം ബിസിനസും തകർന്നു. കുടുംബമൊക്കെയായി ജീവിക്കുമ്പോൾ പലപ്പോഴും കിട്ടുന്ന പണം തികയാതെ വന്നതോടെയാണ് ബിസിനസ് കൂടി ചെയ്തു നോക്കിയതെന്ന് ദീപക്കിന്റെ പിതാവ് പറയുന്നു. മകന്‍ നാട്ടിൽ നിക്ഷേപമൊന്നും നടത്തിയിട്ടില്ലെന്നും ഇപ്പോൾ വിദേശത്താണെന്നു മാത്രമേ പറയാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ കേസെടുത്തിരിക്കുന്നവരിൽ ഭൂരിഭാഗം പേരും കോവിഡിന്റെ സമയത്ത് തിരിച്ചു പോകാൻ പറ്റാതെ നാട്ടിൽ അകപ്പെട്ടവരോ ജോലി നഷ്ടപ്പെട്ടവരോ ആണ്. പലർക്കും തിരിച്ചടയ്ക്കാനുള്ള ശേഷിയുമില്ല. അതേ സമയം, ബാങ്ക് വായ്പ എടുത്ത് യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ കുടിയേറിയ ഒട്ടേറെ പേരുണ്ട്. ഇവർക്ക് പണം തിരിച്ചടയ്ക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല താനും.
Leave a Comment