കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടോ മന്ത്രിയായിട്ടോ സിനിമാനടനോ ആയിട്ടല്ല.
കല്യാശ്ശേരിയിലെ വീട്ടിലെത്തിയാല്‍ ഒന്ന് വാരിപ്പുണരും അനുഗ്രഹം വാങ്ങും. ഇങ്ങനെ തൊട്ടുരുമ്മി നില്‍ക്കും. ഈ വേദിയില്‍ ഒരുപക്ഷേ അമ്മയുടെ (ശാരദടീച്ചര്‍) മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെയേ തനിക്ക് പറയാന്‍ സാധിക്കൂ.
ഈ അമ്മയെ ഇങ്ങ് എടുക്കുവാ എന്ന് പറയാതെയെടുത്ത ഒരു മകനാണ് താന്‍. അത് കൃഷ്ണകുമാറും കൃഷ്ണകുമാറിന്റെ സഹോദരങ്ങളും അംഗീകരിച്ച കാര്യവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സിനിമാഭിനയത്തിനായി സുരേഷ് ഗോപി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ബിജെപി ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകിയെന്ന് മാത്രമല്ല ഔദ്യോഗിക അനുമതി ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ആദ്യഷെഡ്യൂളിൽ എട്ടുദിവസമാണ് അനുവദിച്ചിരിക്കുന്നത്.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അനുകൂല തീരുമാനമെടുത്തിരുന്നില്ല.
ലോക്സഭാ ഇലക്ഷനു മുൻപ് തന്നെ ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടി സുരേഷ് ഗോപി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു. എന്നാൽ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ വീണ്ടും താടി നീട്ടാനൊരുങ്ങിയിരിക്കുകയാണ് താരം.
Leave a Comment