കളിച്ച് ചിരിച്ചു നടന്നുപോയ ക്യാംപസ് മുറ്റത്ത് ചേതനയറ്റ് ആ അഞ്ചു പേർ, വിങ്ങിപ്പൊട്ടി അധ്യാപകരും സഹപാഠികളും

ആലപ്പുഴ: ഒന്നര മാസമേ ആയുള്ളുവെങ്കിലും ഒരുമിച്ച് പഠിച്ച അഞ്ചുപേർ, കളിച്ച് സൊറ പറഞ്ഞ് പോയവർ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ചേതനയറ്റ ശരീരമായി ആ ക്യാംപസ് മുറ്റത്ത്… വിങ്ങിക്കരയുകയായിരുന്നു തങ്ങളുടെ സഹപാഠികളുടെ ചേതനയറ്റ ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ.

കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്കും സഹപാഠികളും അധ്യാപകരും യാത്രാമൊഴി ചൊല്ലി. ചേതനയറ്റനിലയിൽ അവർ അഞ്ചുപേരും വീണ്ടും ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് ക്യാംപസിലെത്തിയപ്പോൾ അവസാനമായി തങ്ങളുടെ കൂട്ടുകാരം കാണാൻ കാത്തിരുന്ന സഹപാഠികളും വിങ്ങിപ്പൊട്ടി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി അഞ്ച് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ക്യാംപസിലേക്ക് കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിലായിരുന്നു പൊതുദർശനം. വിദ്യാർഥികൾക്കും അധ്യാപകർക്കും മൃതദേഹങ്ങൾ അവസാനമായി കാണാനാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. കോളേജിലെ പൊതുദർശനം പൂർത്തിയാക്കിയശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിന്റെ കബറടക്കം എറണാകുളത്തായിരിക്കും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലൻസുകൾ സജ്ജമാണെന്നും പോലീസ് അകമ്പടിയോടെയായിരിക്കും ആംബുലൻസുകൾ പോവുക.

ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുവിദ്യാർഥികളും ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7