ദുബായ്: ഐപിഎൽ മെഗാലേലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയെന്ന 13 കാരൻ. സ്വന്തമാക്കിയയുടനെ തന്നെ വൈഭവിന്റെ പ്രായം സംബന്ധിച്ച് ഊഹങ്ങളും ഉയർന്നു. എന്നാൽ രാജസ്ഥാന് പണി കിട്ടിയോയെന്ന കൺഫ്യൂഷനിലാണ് ആരാധകർ. കാരണം മറ്റൊന്നുമല്ല അണ്ടർ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ് പെട്ടെന്നു പുറത്താവുകയായിരുന്നു. ഒൻപത് ഒരു റണ്‍ മാത്രമെടുത്ത വൈഭവ് സൂര്യവംശിയെ മത്സരത്തിന്റെ അഞ്ചാം ഓവറിൽ പാക്ക് പേസർ അലി റാസ പുറത്താക്കി. ഒൻപതു പന്തുകൾ നേരിട്ട താരത്തെ വിക്കറ്റ് കീപ്പർ സൈദ് ബെയ്ഗ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഐപിഎൽ മെഗാലേലത്തിൽ കൗമാരതാരത്തെ 1.1 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വരെ ‘അൺസോള്‍ഡ്’ ആയപ്പോഴായിരുന്നു വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ കാശുവാരിയെറിഞ്ഞ് വാങ്ങിയത്. ഐപിഎല്‍ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണു നേടിയത്. ഓപ്പണർ ഷഹ്സെയ്ബ് ഖാന്റെ സെഞ്ചറിയാണ് പാക്ക് ഇന്നിങ്സിന് നട്ടെല്ലായത്. 147 പന്തുകൾ നേരിട്ട താരം 159 റൺസെടുത്തു പുറത്തായി. ഉസ്മാൻ ഖാൻ അർധ സെഞ്ചറി (94 പന്തിൽ 60) നേടി. 282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസ് നേടി.