എല്ലാം വ്യക്തമായ പ്ലാനിങ്ങോടെ, ഓൺലൈൻ വഴി കയറിന് ഓഡർ ചെയ്തു, കൊലപാതകത്തിനുള്ള കത്തി ബാ​ഗിൽ സൂക്ഷിച്ചിരുന്നു; കൊലപാതക ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം, അസം സ്വദേശിനിയുടെ മരണത്തിനു പിന്നിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ്

ബെംഗളൂരു: അസം സ്വദേശിനിയുടെ കൊലപാതകത്തിൽ കണ്ണൂർ തോട്ടട സ്വദേശിക്കായി ബെംഗളൂരു പോലീസിന്റെ തിരച്ചിൽ ഊർജിതമാക്കി. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ്(19) കൊല്ലപ്പെട്ട സംഭവത്തിലാണ് ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവി(21)നായി പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കൊലപാതക ശേഷം ആരവ് സംഭവത്തിന് ശേഷം രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇയാൾ കൊലപാതകം നടന്ന സർവീസ് അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതക ശേഷം ഇയാൾ ഇന്ദിരാനഗറിൽനിന്ന് മെജസ്റ്റിക് റെയിൽവേ സ്‌റ്റേഷനിലെത്തി ട്രെയിൻമാർഗം കടന്നുകളഞ്ഞതായാണ് കരുതുന്നത്.

ആസൂത്രിതമായി ആരവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 24-ാം തീയതിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികനിഗമനം. കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിനൊപ്പം മുറിയിൽ രണ്ടുദിവസം ചെലവഴിച്ചു. കൊലപ്പെടുത്താനുള്ള കത്തി പ്രതി നേരത്തെ ബാഗിൽ കരുതിയിരുന്നു. അപ്പാർട്ട്‌മെന്റിൽ താമസം തുടരുന്നതിനിടെ പ്രതി ഓൺലൈൻ വഴി നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എന്തിനാണ് കയർ വാങ്ങിയോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മുറിയിലെ കട്ടിലിൽ കിടക്കുന്നനിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈൽ ഫോണും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ച രാവിലെ 8.20-ഓടെയാണ് ആരവ് അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തേക്ക് പോയത്. ഇന്ദിരാനഗറിൽനിന്ന് ടാക്‌സിയിൽ യാത്രതിരിച്ച ഇയാൾ ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതോടെ മൊബൈൽഫോണും സ്വിച്ച് ഓഫാക്കിയിരുന്നു. അതിനാൽ, മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.

കൊല്ലപ്പെട്ട മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതിനുപുറമേ വ്‌ളോഗർ കൂടിയാണ് യുവതി. സാമൂഹിക മാധ്യമങ്ങളിൽ മായ ഗൊഗോയ്ക്ക് ഒട്ടേറെ ഫോളോവേഴ്‌സുണ്ട്. സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരൂവിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ ആറുമാസത്തോളമായി സൗഹൃദത്തിലാണെന്നാണ് യുവതിയുടെ സഹോദരി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആരവ് എച്ച്എസ്ആർ ലേഔട്ടിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ സ്റ്റുഡന്റ് കൗൺസിലറായി ജോലിചെയ്തുവരികയായിരുന്നു.

മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിങ്സ് സർവീസ് അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയിൽ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7