കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും റദ്ദാക്കി. 2017ൽ എറണാകുളം പറവൂരിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിൽ നിയമനടപടികളെടുക്കുന്ന പ്രവണത ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.
പറവൂരിൽ മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിൽ പോലീസ് കേസെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.