തിരിച്ചുവരവ് രാജകീയമായി; ഇനിയറിയേണ്ടത് ഷമിയുടെ പന്തിന്റെ വേ​ഗം കം​ഗാരുപ്പടകൾ അറിയുമോയെന്ന് മാത്രം

കാത്തിരിപ്പിന് വിരാമം, 360 ദിവസത്തിന് ശേഷം പൂർവാധികം ശക്തിയോടെ ‌കളത്തിലിറങ്ങിയിരിക്കുന്നു. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായിരിക്കുന്നു. മാറ്റൊട്ടു കുറഞ്ഞിട്ടുമില്ല. രഞ്ജിയിൽ ബം​ഗാളിന് വേണ്ടിയുള്ള നാല് വിക്കറ്റ് നേട്ടം തുടക്കം മാത്രമാണ്- മുഹമ്മദ് ഷമിയുടെ വാക്കുകളിൽ ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്താനായതിന്റെ സന്തോഷം പ്രകടമായിരുന്നു. എല്ലാം ആരാധകർക്ക് സമർപ്പിക്കുന്നുവെന്നും ഷമി.

പരിക്കിൽനിന്ന് മുക്തനായിയെന്നുള്ള തെളിവായിരുന്നു രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കണ്ടത്. ബംഗാളിനായി 19 ഓവറിൽ 54 റൺസ് വഴങ്ങിയ ഷമി നാലു വിക്കറ്റ് വീഴ്ത്തി. മധ്യപ്രദേശ് നായകൻ ശുഭം ശർമ്മയും ഓൾറൗണ്ടർ സരാൻഷ് ജയിനും രണ്ട് വാലറ്റക്കാരും ഷമിക്ക് മുന്നിൽ വീണു.

കഴിഞ്ഞവർഷം ഇന്ത്യയിൽനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഷമി ഒടുവിൽ ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചത്. ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയതും മറ്റാരുമായിരുന്നില്ല ഷമി തന്നെ. എന്നാൽ ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ഏറെക്കാലം ചികിത്സയിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണ് 34-കാരൻ മത്സരങ്ങളിലേക്ക് തിരിച്ചെത്തിയത്.

രഞ്ജിയിലെ പ്രകടനം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിക്ക് വഴിതുറന്നേക്കുമെന്നാണ് സൂചന. ബിസിസിഐ ഇക്കാര്യം ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അങ്ങനെയായാൽ ഷമി മടങ്ങിയെത്തുന്നത് ഇന്ത്യയുടെ ബൗളിങ് അറ്റാക്കിന്റെ കരുത്ത് കൂട്ടുമെന്നുറപ്പ്.

pathram desk 5:
Related Post
Leave a Comment