ആനകളുടെ എഴുന്നള്ളിപ്പ്: മാർ​ഗനിർദ്ദേശങ്ങൾ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കും, ഉത്സവങ്ങൾ തടസമില്ലാതെ പരമ്പരാ​ഗത രീതിയിൽ നടക്കുന്നതിനാവശ്യമായി നടപടികൾ വേണം: എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. അതിനു മുൻപ്ഹൈക്കോടതിയുടെ മാർ​ഗനിർദ്ദേശങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

ഇതിനായി ഉത്സവങ്ങൾക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്നും വാദ്യമേളങ്ങളിൽ നിന്നും നിർദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉൾപ്പെടെയുള്ള ഹൈക്കോടതിയുടെ നിർദേശങ്ങൾ പരി​ഗണിക്കും. തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾ പരമ്പരാഗതമായ രീതിയിൽ തന്നെ തടസ്സമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ പ്രായോഗിക വശങ്ങൾ പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വാർത്താപ്രസ്താവനയിലൂടെ പറഞ്ഞു.

ആനപരിപാലനം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സർക്കുലർ, 2012-ലെ ചട്ടങ്ങൾ, സുപ്രീം കോടതിയുടെ 2015 ഓ​ഗസ്റ്റ് 18-ലെ ഉത്തരവിലെ നിർദ്ദേശങ്ങൾ, കോടതിയുടെ ശ്രദ്ധയിൽപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

കരട് നാട്ടാന പരിപാലനചട്ടം ചർച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റുബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു ശിൽപ്പശാല ഈ മാസം 20-ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്ത് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ, ഗുരുവായൂർ ദേവസ്വം, തിരുവിതാംകൂർ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികൾ, ആന ഉടമകളുടെ പ്രതിനിധികൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ, നിയമവിദഗ്ധർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഈ ശിൽപ്പശാലയിൽ പങ്കെടുക്കും. ഈ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും പ്രായോഗിക വശങ്ങളും കൂടി പരിഗണിച്ചായിരിക്കും തുടർനിയമനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും മന്ത്രി അറിയിച്ചു.

pathram desk 5:
Related Post
Leave a Comment