കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്ട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പിന്നീട് ഇത് തർക്കത്തിലേക്കും ഒടുവിൽ പോലീസും വിദ്യാർഥികളും തമ്മിലുള്ള കയ്യാങ്കളിയിലേക്കുമെത്തിയെന്നാണ് വിവരം. ജി വി രാജ സ്പോട്സ് സ്കൂളിന് രണ്ടാംസ്ഥാനം നൽകിയതിന് പിന്നിൽ ഗൂഢാലേചനയുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
നാവാമുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയായിരുന്നു പ്രതിഷേധം. പിന്നീട് മന്ത്രിയെ തടഞ്ഞുവച്ച് വിദ്യാർഥികൾ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് മന്ത്രിയെ വേദിയിൽനിന്ന് മാറ്റി. പ്രതിഷേധത്തെതുടർന്ന് മേളയുടെ സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
സ്കൂൾ കായിക മേളയുടെ രണ്ടാം സ്ഥാനം നാവ മുകുന്ദ സ്കൂളിനാണ് ലഭിച്ചതെന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ പ്രത്യേകമായാണ് ജിവി രാജ സ്കൂളിനെ രണ്ടാം സ്ഥാനത്തിനായി പരിഗണിച്ചത്. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ട്രോഫി തിരികെ നൽകാൻ തയാറാണെന്ന് ജി വി രാജ സ്കൂൾ അധികൃതർ അറിയിച്ചു. രണ്ടാം സ്ഥാനം ലഭിച്ചത് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ജിവി രാജ സ്കൂൾ വ്യക്തമാക്കി.
കായികമേളയിലുണ്ടായ പ്രതിഷേധം അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർഥികളെ അധ്യാപകർ തന്നെ ഇളക്കിവിട്ടത് അംഗീകരിക്കാനാവില്ലായെന്നും മന്ത്രി വ്യക്തമാക്കി.