കെബർഹ: മലയാളി താരം സഞ്ജുവിന്റെ തുടർ സെഞ്ചറിക്കായി കാത്തിരുന്ന ആരാധകർക്കു മുന്നിലൂടെ പൂജ്യത്തിനു മടക്കം. തൊട്ടു പിന്നാലെ നാലു റൺസുകളുമായി അഭിഷേക് ശർമയും നായകൻ സൂര്യകുമാർ യാഥവും കൂടാരം കയറി. ഇതോടെ രണ്ടാം ട്വന്റി20യിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ചയാണ് കാണുവാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ ഉയർത്തിയത് 125 റൺസ് വിജയലക്ഷ്യം.
മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, ക്ഷമയോടെ നിലയുറപ്പിച്ച മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ124 റൺസെടുത്തത്. 45 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജ് ഒഴികെ ബോൾ ചെയ്ത അഞ്ച് ബോളർമാർക്കും വിക്കറ്റ് ലഭിച്ചു. മഹാരാജ് നാല് ഓവറിൽ 24 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും, വിക്കറ്റൊന്നും ലഭിച്ചില്ല.
ഇന്ത്യൻ നിരയിൽ ഹാർദിക് പാണ്ഡ്യയ്‌ക്കു പുറമേ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 20 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത തിലക് വർമ, 21 പന്തിൽ നാലു ഫോറുകൾ സഹിതം 27 റൺസെടുത്ത അക്ഷർ പട്ടേൽ. സഞ്ജു സാംസണിനു പുറമേ (0) അഭിഷേക് ശർമ (അഞ്ച് പന്തിൽ നാല്), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (ഒൻപതു പന്തിൽ നാല്), റിങ്കു സിങ് (11പന്തിൽ ഒൻപത്) എന്നിവർ ആരാധകരെ നിരാശപ്പെടുത്തി.
അർഷ്ദീപ് സിങ് ആറു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസുമായും പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ 28 പന്തിൽ 37 റൺസ് കൂട്ടിച്ചേർത്ത അർഷ്ദീപ്– ഹാർദിക് സഖ്യമാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
0–1, 5–2, 15–3 എന്നിങ്ങനെയായിരുന്നു ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യയുടെ സ്കോർ ബോർഡ്. ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ സഞ്ജു സാംസണിനെ ക്ലീൻ ബൗൾഡാക്കി മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക് ത്രൂ നൽകിയത്. ഇതോടെ ഒരേ കലണ്ടർ വർഷം രണ്ടു സെഞ്ചറിയും നാലു ഡക്കും നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.
പിന്നാലെ ജെറാൾഡ് കോട്സെയുടെ പന്തിൽ മാർക്കോ യാൻസന് ക്യാച്ച് സമ്മാനിച്ച് അഭിഷേക് രണ്ടാം ഓവറിലും പുറത്തായി. 0, 100, 10, 14, 16, 15, 4, 7, 4 എന്നിങ്ങനെയാണ് ഇതുവരെ രാജ്യാന്തര കരിയറിൽ അഭിഷേകിന്റെ പ്രകടനം. നാലാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാല് റൺസോടെ പുറത്തായതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലായി. ആൻഡിൽ സിമിലാനിയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയായിരുന്നു ക്യാപ്റ്റന്റെ മടക്കം
നാലാം വിക്കറ്റിൽ അക്ഷർ പട്ടേലും തിലക് വർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റി. 24 പന്തിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത് 30 റൺസ്. തിലക് വർമയെ ഡേവിഡ് മില്ലറിന്റെ കൈകളിലെത്തിച്ച് ക്യാപ്റ്റൻ എയ്ഡൻ മർക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ 70ൽ നിൽക്കെ അക്ഷർ പട്ടേൽ റണ്ണൗട്ടായതോടെ വീണ്ടും ഇന്ത്യയുടെ താളംതെറ്റി. 17 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും റിങ്കു സിങ്ങും പുറത്ത്. 11 പന്തിൽ 9 റൺസെടുത്ത റിങ്കുവിനെ, എൻകബയോംസി പീറ്ററിന്റെ പന്തിൽ കോട്സെ ക്യാച്ചെടുത്തു പുറത്താക്കി.
ജെറാൾഡ് കോട്സെ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും പീറ്റർ നാല് ഓവറിൽ 20 റൺസ് വഴങ്ങിയും എയ്ഡൻ മർക്രം ഒരു ഓവറിൽ നാല് റൺസ് വഴങ്ങിയും മാർക്കോ യാൻസൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.