കോന്നി: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന ആവശ്യവുമായി എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഇതു സംബന്ധിച്ച് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാർ ജോലി. പക്ഷെ ആ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല താൻ കടന്നുപോകുന്നതെന്നും സമാന പദവിയായ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്..
നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.
ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എഡിഎമ്മായി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ 11 ദിവസം ജയിലിലായിരുന്ന ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.