നവീന്‍ ബാബുവിനെതിരെ വീണ്ടും കളക്ടര്‍; പി പി ദിവ്യയെ സഹായിക്കാനോ? ഇത് ആരുടെ ബുദ്ധി!

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു മന്ത്രി കെ.രാജന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണു സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കലക്ടര്‍ പൊലീസിനോടു പറഞ്ഞത്. വിഷയത്തില്‍ റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാടുകളെ സംശയത്തിന്റെ നിഴലില്‍ ആക്കുന്ന തരത്തിലാണ് കലക്ടറുടെ നടപടിയെന്ന ആക്ഷേപമാണ് ഉയരുന്നത്. കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നവീന്റെ കുടുംബവും ആരോപിക്കുന്നു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ വന്നത് കുറ്റക്കാരെ സഹായിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനുമാണെന്ന സംശയമുണ്ടെന്നു സഹോദരന്‍ പ്രവീണ്‍ പറഞ്ഞു.

നവീന്‍ ബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പി.പി.ദിവ്യക്ക് അനുകൂലമായേക്കാവുന്ന മൊഴിയാണ് കലക്ടര്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. ‘ഒരു തെറ്റു പറ്റി’യെന്ന് എഡിഎം കെ.നവീന്‍ ബാബു തന്നോടു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴിയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായ മൊഴി പരാമര്‍ശിച്ചത്. തെറ്റുപറ്റിയെന്നു പറയുന്നതു കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കിയ കോടതി, കലക്ടറുടെ മൊഴി തള്ളിയെങ്കിലും ഇതേ മൊഴി ആയുധമാക്കിയാണ് ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം മുന്‍കൂര്‍ ജാമ്യത്തിനുള്ള വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. കലക്ടര്‍ പൊലീസിനു മാത്രമായി നല്‍കിയ മൊഴി പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചതും സംശയത്തിനിടയാക്കിയിരുന്നു.

നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന തരത്തില്‍ കലക്ടര്‍ നല്‍കിയിരിക്കുന്ന മൊഴി കേസില്‍ നിര്‍ണായകമാണ്. ഈ മാസം 14നു കലക്ടറേറ്റിലെ യാത്രയയപ്പു യോഗത്തില്‍ ദിവ്യ തന്നെ അധിക്ഷേപിച്ചു സംസാരിച്ചശേഷം, നവീന്‍ ബാബു കലക്ടറുടെ ചേംബറില്‍ പോയി അഞ്ചു മിനിറ്റ് സംസാരിച്ചതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറ്റു സഹപ്രവര്‍ത്തകരുമായി അധികം സംസാരിച്ചതുമില്ല. എന്താണു പറഞ്ഞതെന്ന് നവീന്‍ ബാബുവിനും കലക്ടര്‍ക്കും മാത്രം അറിയാവുന്ന സാഹചര്യത്തില്‍ തന്നോട് അവസാനമായി എഡിഎം പറഞ്ഞ കാര്യങ്ങളെന്ന നിലയില്‍ കലക്ടര്‍ നല്‍കുന്ന എന്തു മൊഴിയും ഏറെ നിര്‍ണായകമാകും. 36 വര്‍ഷത്തെ സര്‍വീസില്‍ ഒരിക്കലും അഴിമതി ആരോപണങ്ങളില്‍പെട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനായ നവീന്‍ ബാബു ഇത്തരത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കില്‍, സിപിഎമ്മിന്റെ സംഘടനാബലവും അധികാരവും ഉപയോഗിച്ച് ഇതിനകം തന്നെ അത് ഏറെ വിവാദമാകുമായിരുന്നു.

നവീന്‍ ബാബു വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ ആരോപണവിധേയനായ കലക്ടര്‍, എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ എഡിഎം തന്നോട് ഇങ്ങനെ പറഞ്ഞുവെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത, കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത ശേഷം നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നില്ലെന്നാണു സൂചന. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്. ഇത്ര ഗൗരവമേറിയ വിഷയത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍നിന്ന് കലക്ടര്‍ ഇത്ര നിര്‍ണായകമായ ഒരു വിവരം മറച്ചുവയ്ക്കുകയും പിന്നീട് അതു പൊലീസിനോടു മാത്രം പറയുകയും ചെയ്തതു ദുരൂഹമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

കലക്റ്റർ നൽകിയ മൊഴി നുണ, തെറ്റിദ്ധാരണയുണ്ടാക്കുന്നത്; വ്യക്തിപരമായി സംസാരിക്കാനുള്ള ആത്മബന്ധം കലക്റ്ററുമായി നവീൻ ബാബുവിനില്ല; മഞ്ജുഷ

നവീന്‍ ബാബുവിന്റെ മരണത്തിനു തൊട്ടുപിന്നാലെ കലക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായിരുന്നില്ലെന്നു റവന്യു മന്ത്രി കെ.രാജന്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കോടതിയില്‍ അന്വേഷണ ഏജന്‍സിക്കു മുന്‍പാകെ നല്‍കിയ മൊഴിയാകാം ഇതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നവീന്റെ വീട്ടില്‍ എത്തിയ മന്ത്രി എം.ബി.രാജേഷ് ദിവ്യയെ തളളിപ്പറഞ്ഞെങ്കിലും കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ തട്ടകത്ത് ദിവ്യക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ പോലും ജില്ലാ സെക്രട്ടേറിയറ്റ് തയാറാകുന്നില്ല. നവീന്‍ പറഞ്ഞെന്ന രീതിയില്‍ വന്ന മൊഴി കലക്ടറെ കൊണ്ടു പറയിപ്പിച്ചതാണെന്നും കലക്ടറെ മാറ്റിനിര്‍ത്തി അന്വേഷിക്കാതെ സത്യം പുറത്തുവരില്ലെന്നും പത്തനംതിട്ടയിലെ സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

നവീന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി.ദിവ്യയെ മാറ്റിയെങ്കിലും രാഷ്ട്രീയമായി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. അതിനു കരുത്താകുന്ന നിലപാട് കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാരെന്നു മന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുമ്പോള്‍ വകുപ്പിന്റെ തലപ്പത്തുള്ള ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ ദിവ്യക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് പൊതുസമൂഹത്തില്‍ വകുപ്പിന്റെ ആത്മാഭിമാനം കെടുത്തുന്ന നടപടിയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

pathram desk 1:
Leave a Comment