തൃശൂർ∙ തൃശൂർ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കലുമായി ബന്ധപ്പെട്ട ത്രിതല അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പറഞ്ഞ സതീശൻ കേസെടുത്താൽ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പറഞ്ഞു.
‘‘വെടിക്കെട്ടു മാത്രമല്ല മഠത്തിൽ വരവ്, കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ്, തെക്കോട്ടിറക്കം എന്നിവയെല്ലാം അലങ്കോലപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ ജയിപ്പിക്കാൻ എം.ആർ.അജിത് കുമാറാണ് പൂരം കലക്കിയത്. കമ്മിഷണർ നൽകിയ ബ്ലു പ്രിന്റ് വലിച്ചെറിഞ്ഞ് പുതിയ പ്ലാൻ അജിത് കുമാർ നൽകി. അതു പൂരം നടത്താനുള്ളതായിരുന്നില്ല, കലക്കാനുള്ളതായിരുന്നു. പൂരം കലക്കിയതാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ മന്ത്രിമാരടക്കം അത് ഏറ്റുപറഞ്ഞു.
രാവിലെ മുതൽ കമ്മിഷണർ അഴിഞ്ഞാടുകയാണെന്നാണ് പറഞ്ഞത്. ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ലേ? മന്ത്രിമാരടക്കം പ്രവേശിക്കരുതെന്ന് പറഞ്ഞ സ്ഥലത്ത് സുരേഷ് ഗോപി വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെ നാടകീയമായാണ് രംഗപ്രവേശം ചെയ്തത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള അന്വേഷണം ശരിയാകില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവർത്തിക്കുന്നത്.’’– സതീശൻ പറഞ്ഞു.
പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പൂരം കലങ്ങിയെന്നുതന്നെയാണ് സിപിഐ നേതാവ് ബിനോയ് വിശ്വം ആവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ലെന്നു പറഞ്ഞ ബിനോയ് വിശ്വം, പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും നടത്താൻ സമ്മതിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. പൂരം കലക്കലുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യങ്ങൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരം കലക്കിയ വിവാദം തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആരോപിച്ചു. ബിജെപിയെ സഹായിക്കാനാണ് പൂരം കലക്കിയത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Thrissur Pooram: VD Satheesan Slams Pinarayi Vijayan
Thrissur Pooram VD Satheesan Pinarayi Vijayan Kerala News
Leave a Comment