കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി. കെ സുരേന്ദ്രന്‍ പ്രതിയായിരുന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു
ബിജെപി യും സിപിഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള വിധി പകര്‍പ്പ് പുറത്തുവന്നത്. പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയുണ്ടായതായി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴ് മാസത്തിനും ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയില്‍ പറയുന്നു.
കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ല. രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനര്‍നിര്‍മാണത്തിനായും ഉപയോഗിച്ചുവെന്നും സുന്ദര സമ്മതിക്കുന്നു. ഭയപ്പെടുത്തി നല്‍കിയ പണമാണെങ്കില്‍ ഇങ്ങനെ ചിലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ല. ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വയം വെളിപ്പെടുത്തിയതാണ്.. ആ കാര്യം പരിശോധിച്ചിരുന്നെങ്കില്‍ പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിയമം ചേര്‍ക്കില്ലായിരുന്നുവെന്നും വിധി പകര്‍പ്പില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്ത് വിഴ്ചയുണ്ടായതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിധി പറയുമ്പോള്‍ പോലും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് ഇതിന്റെ ഉദാഹരണമായാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ചൂണ്ടിക്കാട്ടുന്നത്. വിധി പകര്‍പ്പില്‍ പൊലിസിനെതിരായ വിമര്‍ശനം ഉയര്‍ന്നതോടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് പ്രതിപക്ഷം..
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്തം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്.
എന്നാല്‍ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വാദിച്ചു. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികളായി ഉണ്ടായിരുന്നത്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.
The court against prosecution and the investigation team in the Manjeswaram case
k Surendran manjeswaram election case
Leave a Comment