ടെഹ്റാൻ: ഇസ്രയേലിന് എതിരെ ചൊവ്വാഴ്ച നടത്തിയ മിസൈൽ ആക്രമണം പൊതുസേവനമാണെന്ന് പറഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി. 5 വർഷത്തിനിടെ ആദ്യമായാണ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നത്.
‘ഹമാസിനെയോ ഹിസ്ബുല്ലയേയോ ഒരു തരത്തിലും മറികടക്കാനോ ജയിക്കാനോ ഇസ്രയേലിന് കഴിയില്ല. സയ്യിദ് ഹസൻ നസ്റല്ല നമുക്കൊപ്പം ഇപ്പോൾ ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും നമുക്ക് പ്രചോദനമായി എന്നും ഉണ്ടാകും. സയനിസ്റ്റ് ശത്രുവിനെതിരെ ഉയർന്നു നിന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം കൂടുതൽ വർദ്ധിപ്പിക്കും. നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കുന്നതിനൊപ്പം ശത്രുവിനെതിരെ ശക്തമായി നിലകൊള്ളുകയും വേണം.’’– തടിച്ചു കൂടിയ ആയിരങ്ങള്‍ മുഴക്കിയ ‘ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യത്തിനിടെ ഖമനയി പറഞ്ഞു.
ടെഹ്‌റാനിലെ മോസ്കിലാണു ഖമനയിയുടെ പ്രാർഥനയെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 10.30ന് നസ്റല്ലയുടെ അനുസ്‌മരണത്തിനു ശേഷമായിരുന്നു പ്രാർഥന. 2020 ജനുവരിയിലാണു ഖമനയി അവസാനമായി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്. ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിന് 3 ദിവസം മുൻപാണു ഖമനയി പൊതുചടങ്ങിൽ പ്രസംഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നസ്‌റല്ലയുടെ മരണത്തിനു പിന്നാലെ, ലബനൻ ജനതയ്ക്കും ഹിസ്ബുല്ലയ്ക്കും ഒപ്പം നിൽക്കാനും, എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഇസ്രയേലിന്റെ ദുഷ്ട ഭരണകൂടത്തെ നേരിടാൻ അവരെ സഹായിക്കാനും ഖമനയി ആഹ്വാനം ചെയ്തിരുന്നു. 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച അദ്ദേഹം, ‘നസ്റല്ലയുടെ മരണത്തിന് മറുപടിയുണ്ടാകും’ എന്ന് പ്രതിജ്ഞയുമെടുത്തു. നസ്റല്ല വ്യക്തി മാത്രമായിരുന്നില്ല, പാതയും ചിന്താധാരയുമായിരുന്നു, ആ പാത തുടരുമെന്നും ഖമനയി അഭിപ്രായപ്പെട്ടു. ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ നസ്‌റല്ലയ്‌ക്കൊപ്പം റവല്യൂഷനറി ഗാർഡിലെ ജനറൽ അബ്ബാസ് നിൽഫൊറൂഷന്റെ മരണവും ഇറാന് ആഘാതമായിരുന്നു.
അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നുമാണ് ഖമനയി വിമർശിച്ചത്. ‘‘ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണ്. ശത്രുവിന്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണം. മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണം. നമ്മുടെ ശത്രു സ്വീകരിച്ച നയങ്ങൾ ഭിന്നിപ്പിന്റെയും രാജ്യദ്രോഹത്തിന്റെയും വിത്ത് പാകുക എന്നതാണ്. എല്ലാ മുസ്‌ലിങ്ങൾക്കിടയിലും വിള്ളൽ വീഴ്ത്തുകയാണ് അവരുടെ ലക്ഷ്യം. ആത്യന്തിക സ്വേച്ഛാധിപത്യത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ആത്യന്തിക അവകാശം ഓരോ രാജ്യത്തിനും, ഓരോ ജനങ്ങൾക്കും ഉണ്ട്.’’ – ’’ – ആയത്തുല്ല അലി ഖമനയി പറഞ്ഞു.
Iran Supreme Leader Khamenei to give first Friday sermon in 5 years, will ‘honour slain Hezbollah chief’
Ayatollah Ali Khamenei World News Iran Iran- Israel conflict
Leave a Comment