കൊച്ചി: നാല് ദിവസമായി നിശ്ചലമായി നിന്നിരുന്ന സ്വർണവില നിരക്ക് ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6720 രൂപയും പവന് 53760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരുഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച് 5570 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വിലയിൽ ഇന്ന് രണ്ട് രൂപയുടെ വർദ്ധനവുണ്ടായി.
കഴിഞ്ഞ നാല് ദിവസമായി സ്വർണവില ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമായിരുന്നു. 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5%) എന്നിവയൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയിലധികമാവും നൽകേണ്ടി വരിക. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
രാജ്യാന്തര വില ഡോളർ നിലവാരത്തിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടർന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വില മാറ്റമില്ലാതെ തുടരാൻ കാരണമായത്. ഇന്ന് പുറത്തുവരുന്ന അമേരിക്കയുടെ തൊഴിൽക്കണക്കിന് അനുസരിച്ച് ഇനി സ്വർണ വിലയുടെ സമീപകാല ട്രെൻഡ് മാറും. തൊഴിൽക്കണക്ക് ആശ്വാസതലത്തിലാണെങ്കിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്കിൽ വൻ മാറ്റം വരുത്താൻ സാധ്യതയില്ല. അഥവാ, തൊഴിൽക്കണക്ക് നിരാശപ്പെടുത്തിയാൽ പലിശനിരക്കിൽ ഭേദപ്പെട്ട ഇളവിന് സാധ്യതയുയരും.
പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡ്) താഴും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും. ഫലത്തിൽ വില ഉയരും. യുക്രെയ്നുമേൽ റഷ്യ പോരാട്ടം കടുപ്പിക്കുന്നതും മധ്യേഷ്യയിലെ സംഘർഷങ്ങളും സ്വർണ വില വർധനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.