കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ നേരിടുന്നത് ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ച് ഭരണസമിതി പിരിച്ചുവിട്ടു. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയിൽ ഒരു കൂട്ടരാജി ഉണ്ടാകുന്നത്. പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയൻ ചേർത്തല,
ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ എന്നിവരാണ് രാജിവച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹൻ, ടൊവിനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരും രാജിവച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖ് രാജി വച്ചതിനു പിന്നാലെയാണ് പതിനേഴംഗ എക്സിക്യൂട്ടീവ് ഒന്നടങ്കം ഒഴിഞ്ഞത്. വലിയ തീരുമാനം എടുക്കും മുമ്പ് മോഹൻലാൽ മമ്മൂട്ടിയുമായും ആലോചിച്ചു. രാജിയാണ് നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം. മോഹൻലാലിനെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നുണ്ടായെങ്കിലും രാജിയിൽ അദ്ദേഹം ഉറച്ചു നിന്നു.
അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഇനി സംഘടനയുടെ താൽക്കാലിക ചുമതല. സംഘടനയുടെ നിയമാവലിപ്രകാരം നിലവിലുള്ള എക്സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാകും അഡ്ഹോക് കമ്മിറ്റിയിലും ഉണ്ടാകുക. എന്നാൽ 2 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ ‘അമ്മ’ കണ്ടെത്തേണ്ടി വരും. മോഹൻലാൽ ഉൾപ്പടെ നിലവിലുള്ള ആരും ഇനി ഭാരവാഹിത്വത്തിലേക്ക് വരില്ലെന്നു ഉറപ്പ്.
കാലാകാലങ്ങളായി ഉയരുന്ന തലമുറമാറ്റമെന്ന ആവശ്യമാണ് കൂട്ടരാജിയോടെ ‘അമ്മ’യിൽ സംഭവിക്കാൻ പോകുന്നത്. പുതു തലമുറതാരങ്ങളും ഒപ്പം കൂടുതൽ സ്ത്രീകളും നേതൃത്വത്തിലേക്ക് എത്താനാണ് ഇനി സാധ്യത. എതിർസ്വരങ്ങളില്ലാത്ത സംഘടന അല്ലെങ്കിൽ എതിർസ്വരങ്ങളെ കേൾക്കാത്തവർ എന്ന ‘ചീത്തപ്പേരും’ സംഘടന പുതിയ തിരഞ്ഞെടുപ്പോടെ മാറ്റിയേക്കും.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനമാണ് ‘അമ്മ’യിൽ കാര്യങ്ങൾ വഷളാക്കിയത്. തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ തിരുത്തുമെന്ന നിലപാടെടുക്കുന്നതിനു പകരം പ്രതിരേധിക്കാനായിരുന്നു എക്സിക്യൂട്ടീവ് ശ്രമിച്ചത്. മോശം അനുഭവങ്ങൾ തങ്ങൾക്കുണ്ടായില്ലെന്ന് സ്ത്രീ അംഗങ്ങൾ പരസ്യമായി പറഞ്ഞതോടെ വിമർശനങ്ങൾ ഏറി. നേരത്തെ ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു നടന്‍ പൃഥ്വിരാജ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയതും സംഘടനയ്ക്കു ദോഷമായി.
കഴിഞ്ഞ ജൂണിലാണ് മോഹൻലാൽ നേതൃത്വം വഹിച്ച‘അമ്മ’ പുതിയ ഭരണസമിതിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞതും തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. മോഹൻലാലിനും ഉണ്ണി മുകുന്ദനും എതിർ സ്ഥാനാർഥികൾ ഇല്ലായിരുന്നു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവര്‍ക്കെതിരെ മത്സരിച്ചാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായത്.
Leave a Comment