കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ശ്രുതി രജനികാന്തിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാൽ ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി താനല്ലെന്ന് വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത് എത്തിയിരിക്കുന്നു. മലയാള സിനിമയിൽ അവസരത്തിനായി മക്കളെ ലൈംഗിക ചൂഷണത്തിലേക്കു തള്ളിവിടുന്ന അമ്മമാരുണ്ടെന്ന് ശ്രുതി മുന്‍പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലും സമാനമായ വിഷയം പ്രതിപാദിക്കുന്നുണ്ട്. ഇതോടെ കമ്മിഷനിൽ മൊഴി നൽകിയത് ശ്രുതിയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് പ്രതികരിക്കുകയാണ് താരം.
‘‘വൈറല്‍ റീലില്‍ കണ്ടതിന് സമാനമായൊരു കാര്യം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഇതോടെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആ നടി ഞാനാണോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ആ നടി ഞാനല്ല. സിനിമയില്‍ അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. അത്തരം വിട്ടുവീഴ്ച മകള്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്ന അമ്മമാരെ അറിയാം എന്ന് നടി മൊഴി നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തത് ഞാനല്ല. പഴയ ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നേ തീരു. ഇപ്പോൾ പരസ്പര സമ്മത പ്രകാരം ലൈംഗികബന്ധങ്ങൾക്കു പോകുന്നത് എന്തുമാകട്ടെ. ഞാനൊക്കെ കലയെ അത്രമാത്രം ഇഷ്ടപ്പെട്ടതുകൊണ്ട് സിനിമയിലേക്കു വന്നതാണ്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുകയും നാടകത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
കൂടെ കിടന്നാലെ അവസരം കിട്ടു, ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വച്ചാല്‍ മതി, രണ്ട് മൂന്ന് തവണ കെട്ടിപ്പിടിക്കുമായിരിക്കും, ഉമ്മ തരുമായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അതിലല്ല നമ്മുടെ കഴിവിനെയോ നമ്മൾ ചെയ്യാൻ പോകുന്ന ക്യാരക്ടറിനെയോ അളക്കേണ്ടത്.
അതുകൊണ്ടാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് വ്യക്തിപരമായി അറിയാവുന്ന സംഭവത്തെ കുറിച്ച് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അമ്മ തന്നെ കൊണ്ടുവന്ന് മോളെ ഇവിടെ നിർത്തി, നാളെ രാവിലെ വന്നുവിളിച്ചുകൊള്ളാം, എനിക്കതൊന്നും കുഴപ്പമില്ല കേട്ടോ എന്നുള്ള രീതിയിൽ പറഞ്ഞിരുന്നു. അപ്പോഴെ ആ തള്ളയെ വലിച്ചുകീറണമെന്നാണ് ഞാൻ പ്രതികരിച്ചത്. അവരെ അമ്മയെന്നും പോലും പറയാൻ കഴിയില്ല. അത് ഞാൻ തുറന്നു പറഞ്ഞു. ഇപ്പോ റിപ്പോർട്ടിലും ഇതേ പരാമർശം വന്നതോടെ അത് സിങ്ക് ആയി.
പക്ഷേ ഹേമ കമ്മിഷനിൽ മൊഴി കൊടുത്ത ആ നടി ഞാനല്ല. എനിക്കു വ്യക്തിപരമായി അറിയാവുന്ന കുറച്ചുപേരുടെ കാര്യങ്ങളാണ് പറഞ്ഞത്. അവരായി പുറത്തുവന്നു പേരുവെളിപ്പെടുത്താതെ കൂടുതൽ പറയാൻ പറ്റില്ല. എനിക്കു വ്യക്തിപരമായി അനുഭവം ഉണ്ടെങ്കിൽ ഞാൻ പേര് ഉൾപ്പടെ പറയും. പക്ഷേ അത്രയ്ക്ക് ആരും ധൈര്യപ്പെട്ടിട്ടില്ല. എല്ലാവരും ഇക്കാര്യത്തിൽ നോ പറഞ്ഞാല്‍ ഇതൊന്നും ഉണ്ടാകില്ല. നോ പറയാത്തതുകൊണ്ടാണ് കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങൾ പ്രോത്സാഹിക്കപ്പെടുന്നത്.’’–ശ്രുതി രജനികാന്തിന്റെ വാക്കുകൾ.
Leave a Comment