കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നടന്മാർക്കെതിരേ ഉയരുന്ന ആരോപണങ്ങൾ താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോർട്ട്. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടിയതായാണ് അറിയുന്നത്. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചനയുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.
നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.
പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കേണ്ടി വന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറൽ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുൻപാകെയുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിലും അമ്മയിലെ അംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരാണ്. നടി ഉർവശി, കഴിഞ്ഞ എക്സിക്യൂട്ടീവിൽ വൈസ് പ്രസിഡന്റായിരുന്ന ശ്വേത മേനോൻ, നിലവിലെ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസൻ തുടങ്ങി നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തിരുന്നു. ജനറൽ സെക്രട്ടറി രാജി വച്ചാലും അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും മുന്നോട്ടു പോവുമെന്നുമാണ് ബാബുരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Crisis in AMMA association proposal to dismiss executive as per byelaws
Leave a Comment