കൊച്ചി: അലന്‍സിയറിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. 2018ല്‍ അലന്‍സിയറിനെതിരെ പരാതി നല്‍കിയിട്ടും താക്കീത് നല്‍കാന്‍ പോലും സംഘടന തയാറായില്ലെന്നാണ് നടിയുടെ ആരോപണം. പരാതി ലഭിച്ചതായുള്ള അറിയിപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ല. പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലുണ്ടെന്നും ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
ലൈംഗിക ആരോപണം നേരിടുന്നവര്‍ സ്ഥാനത്തുനിന്ന് മാറേണ്ടി വരുന്ന ഈ അവസരത്തിലെങ്കിലും അലന്‍സിയറിനെതിരെ ഒരു ചോദ്യമെങ്കിലും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായി ദിവ്യ പറഞ്ഞു. അവാര്‍ഡ് വാങ്ങിയ വേളയില്‍ മോശമായി സംസാരിച്ചത് എന്തിനെന്ന് എങ്കിലും അലന്‍സിയറിനോട് ചോദിക്കണമായിരുന്നെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു.
അതിനിടെ ചെഗുവേരയുടെ വാക്കും ചിത്രവുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി ഭാവന രംഗത്തെത്തി. ‘അനീതി എവിടെ നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’ എന്ന വാചകവും ചെ ഗുവേരയുടെ ചിത്രവുമാണ് നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ശ്രദ്ധേയമായ കുറിപ്പുമായി നടി ഭാവന രംഗത്തെത്തിയത്. അനീതിയെക്കുറിച്ച് ചെഗുവേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് ഭാവനയുടെ പോസ്റ്റ്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന സര്‍ക്കാരിനേയും ആരോപണ വിധേയരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു. അതിനിടെ ഭാവന അഭിനയിച്ച ഹണ്ട് എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. യഥാര്‍ത്ഥ ഹണ്ട് തുടങ്ങിയതേയുള്ളൂ എന്ന് ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടയാള്‍ എന്ന നിലയില്‍ ഭാവനയുടെ ചിത്രം പങ്കുവെച്ചവരുമുണ്ട്.
Actress divya gopinath against AMMA and alencier
bhavana instagram post quoting Che Guevara
Leave a Comment