കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി ശ്വേതമേനോൻ എത്തി. മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്‍റെ ഭാഗമായിട്ടാണെന്നും പറഞ്ഞു. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. കുറേ വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ് സ്ത്രീകൾക്കു പ്രശ്നമുണ്ട്, നമ്മൾ സ്വന്തമായി തന്നെ ഇതിൽ പോരാടണമെന്ന്. കാരണം ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരും ഉണ്ടാകില്ല. അതിപ്പോഴും ഞാൻ ഉറപ്പിച്ചു പറയുന്നു.
സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാൻ തന്നെ പത്ത് പന്ത്രണ്ട് കേസുകളിൽ പോരാടുന്ന ആളാണ്. സ്കൂൾ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്. അതുകൊണ്ട് ഇതൊന്നും പുതുമയല്ല. നോ പറയേണ്ടടത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബത്തിൽ നിന്നൊക്കെ വരുന്ന ആളുകളാണ്. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെ. എല്ലാവരുടെയും സാഹചര്യം നമുക്ക് അറിയില്ലല്ലോ?.
ഒരുപാട് സ്ത്രീകൾ നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബോളിവുഡിലൊക്കെ അഭിനയിച്ചു വന്ന അനുഭവം ഉണ്ടായതുകൊണ്ട് ഞാനിതൊക്കെ ചോദിക്കും. പക്ഷേ മറ്റുള്ളവർക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ ചോദ്യവുമായി മുന്നോട്ടുവരണം.
എടാ പോടാ ബന്ധമാണ് ഞാനുമായി എല്ലാവർക്കുമുള്ളത്. മോശമായ കാര്യങ്ങളുണ്ടായാൽ നോ പറയാനുള്ള ധൈര്യം പണ്ടുമുതലേ ഉണ്ട്. ‘അമ്മ’യില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്നു പറയൂ എന്ന്. കാരണം ഈ ചാൻസ് എപ്പോഴും കിട്ടില്ല. പക്ഷേ ആരും മുന്നോട്ടു വന്നിട്ടില്ല.
സ്ത്രീകൾക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാൻ. വർഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്. എനിക്ക് ശക്തമായ നിലപാടുണ്ടായിരുന്നു. ചില ആളുകൾ എനിക്ക് സിനിമ ഓഫര്‍ ചെയ്തിട്ടുണ്ട്, അവരോടെന്നും കടപ്പാടുണ്ട്. മാധ്യമങ്ങള്‍ പറയും തിരിച്ചുവരവെന്ന്. ആറാറ് മാസങ്ങൾക്കിടയിൽ ഞാൻ തിരിച്ചുവരാറുണ്ട്.
മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് പറയണം.
വിലക്കുകൾ ഉണ്ടാകും. അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരുസുപ്രഭാതത്തിൽ ഇല്ലാതായത് അതിന്റെ ഭാഗമാകും. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവർഗ്രൂപ്പ് സിനിമയിൽ ഉണ്ടാകാം, അതില്‍ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകും. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുമുണ്ട്.’’–ശ്വേത മേനോന്റെ വാക്കുകൾ.
Leave a Comment