കൊച്ചി: യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. ഇന്നു പുലര്‍ച്ചെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. സിദ്ദിഖിനെതിരേ കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്.
നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായാണ് യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കയത്. ഇപ്പോഴത്തെ അമ്മ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു.
പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള്‍ പങ്കു വെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് രേവതി സമ്പത്ത് പറഞ്ഞു.
Leave a Comment