ഇംഫാൽ: മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ മോദി നേരിട്ട് നിർദേശം നൽകി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.
മണിപ്പൂർ വിഷയത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി.
Leave a Comment