തൃശൂർ: സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർഥി കസ്റ്റഡിയിൽ. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. എയർഗണ്ണുമായി എത്തിയ ഇയാൾ, ക്ലാസ് റൂമിൽ കയറി മുകളിലേക്കു വെടിയുതിർത്തതായാണ് വിവരം. മൂന്നു തവണ വെടിവച്ചെന്നാണ് പ്രാഥമിക വിവരം. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തൃശൂർ മുളയം സ്വദേശിയായ ജഗനാണ് സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജഗൻ ലഹരിക്ക് അടിമയാണെന്നും പറയുന്നു.
രാവിലെ പത്തേകാലോടെയാണു സംഭവം. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്. സ്കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് മുറികളിൽ കയറി. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകർ നൽകുന്ന വിവരം. ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു. ജഗന്റെ സംസാരത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.
തോക്ക് തൃശൂർ നഗരത്തിലെ ആയുധവിൽപന കേന്ദ്രത്തിൽനിന്നു വാങ്ങിയതാണെന്നാണു പ്രാഥമിക വിവരം. സംഭവത്തിനു പിന്നാലെ കലക്ടർ വി.ആർ.കൃഷ്ണതേജ സ്കൂളിലെത്തി അധ്യാപകരുമായി ചർച്ച നടത്തി. തൃശൂർ മേയർ എം.കെ.വർഗീസ്, സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും സ്കൂളിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
ജഗൻ ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ നീക്കമായതിനാൽ അധ്യാപകർ പകച്ചുപോയി. ഉടൻതന്നെ അധ്യാപകർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേയ്ക്കും സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജഗൻ മതിൽ ചാടി പുറത്തുപോയി. അവിടെവച്ച് പൊലീസ് സംഘം വളഞ്ഞുവച്ചാണ് ജഗനെ പിടികൂടിയത്. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ജഗന്റെ പിതാവിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.