ബംഗളൂരു: നിയമപരമായി വിവാഹ മോചനം നടന്നിട്ടില്ലെങ്കില്‍ പോലും ഭാര്യ മറ്റൊരു മതത്തിലേക്കു മാറിയാല്‍ വിവാഹ ബന്ധം അസാധുവാകുമെന്ന് കര്‍ണാടക ഹൈക്കോടതി. ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവ് ഭാര്യക്കു നഷ്ടപരിഹാരം നല്‍കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമികറുടെ നിരീക്ഷണം.
2000 സെപ്റ്റംബറില്‍ വിവാഹിതരായ ദമ്പതികളുടെ രണ്ടു കുട്ടികളില്‍ ഒരാള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. തുടര്‍ന്നു ഭാര്യ ക്രിസ്ത്യാനിയായി മതംമാറി. മകളെയും മതംമാറ്റാന്‍ ഭാര്യ ശ്രമിച്ചതായാണ് ഭര്‍ത്താവിന്റെ ആരോപണം.
2013ല്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍ത്താവിനെതിരെ ഭാര്യ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ച സെഷന്‍സ് കോടതി നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡനം നടന്നതായി തെളിഞ്ഞിട്ടില്ലെന്നും ഭാര്യ മതംമാറിയെന്നുമാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്.
ഗാര്‍ഹിക പീഡന നിയമത്തിന്റെ 22ാം വകുപ്പു പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിനു വിധി പുറപ്പെടുവിക്കാം. എന്നാല്‍ ഈ കേസില്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഗാര്‍ഹിക പീഡനം നടന്നതായി പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹം നിലനില്‍ക്കുന്നുണ്ടെന്നും ഭാര്യയ്ക്കു സ്വന്തം നിലയില്‍ വരുമാനമില്ലെന്നതും കണക്കിലെടുത്താണ് സെഷന്‍സ് കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ ഭാര്യ ക്രിസ്തുമതത്തിലേക്കു മാറിയതോടെ വിവാഹ ബന്ധം ഇല്ലാതായെന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം ഭാര്യയ്ക്കു നഷ്ടമായെന്നും ഹൈക്കോടതി പറഞ്ഞു.