ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 13 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള 13 തടവുകാര്‍ അഞ്ച് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ എസ്സദിന്‍ അല്‍ ക്വാസം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്.
പൗരന്മാരും സുരക്ഷാ സൈനികരും ഉള്‍പ്പെടെ നൂറ്റന്‍പതോളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയ്ക്കു മേലെ ആറായിരം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് രാവിലെയാണ് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേല്‍ തിരിച്ചടിച്ചു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്രയേല്‍ പറയുമ്പോഴും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആശുപത്രികളും യു.എന്‍. അഭയകേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.