സ്വര്‍ണ മെഡല്‍ ; അഭിനന്ദിനക്കാന്‍ ഒരുപഞ്ചായത്തംഗംപോലും വന്നില്ല, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ആര്‍ ശ്രീജേഷ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു.
‘എന്താണ് കാരണമെന്ന് അറിയില്ല. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനന്ദനം അറിയിക്കുവാന്‍ ഒരു പഞ്ചായത്ത് അംഗം പോലും എത്തിയില്ല’. ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറുടെ പ്രതികരണം.

”ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന അംഗീകാരം വരും തലമുറയ്ക്കുള്ള പ്രോത്സാഹനമാണ്. ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കാണുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുന്നു.ഇത് സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം കുറയ്ക്കും ”ശ്രീജേഷ് പറഞ്ഞു.

നാട്ടിലെത്തിയ ശ്രീജേഷിനെ മന്ത്രി പി.രാജീവ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.ഇന്ത്യ സ്വര്‍ണം നേടിയ ദിവസം ശ്രീജേഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് രാജീവ് പറഞ്ഞു. മന്ത്രി രാജീവ് തന്നെ വിളിക്കാറുള്ളതാണെന്നും സ്‌നേഹവാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment