ജാതി, മതം, വര്‍ഗം, വര്‍ണം, ദേശം, കാലം എന്നിവയ്ക്കെല്ലാം അതീതമായ മുഴുവന്‍ മലയാളികളും ഒരമ്മ പെറ്റ മക്കളേപ്പോലെ ഒരുമിക്കുന്ന ഒരു സര്‍ഗജീവിതാവസ്ഥ ഉണ്ടാകേണമേ എന്ന പ്രാര്‍ഥനയാണ് കേരളീയത്തിന്റെ ഈ അവസരത്തില്‍ പങ്കുവെക്കാനുള്ളത്.
കേരളത്തിന്റെ വൈവിധ്യങ്ങളെയും പോരാട്ടചരിത്രത്തെയും അടയാളപ്പെടുത്തുന്നവയാണ് ഏഴാച്ചേരി രാമചന്ദ്രന്റെ കവിതകള്‍. വിപ്ലവബോധം കാവ്യസംസ്‌കാരത്തില്‍ ലയിപ്പിച്ചെടുത്ത വരികളാണ് ഏഴാച്ചേരിയുടെ കവിതകള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ പ്രമുഖസാഹിത്യപുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 നു മുന്നോടിയായി കേരളീയ കാവ്യചരിത്രത്തെയും ഭാഷയെയും പുതിയ കാലത്തെയും ഓര്‍മ്മിച്ചെടുക്കുകയാണ് ഏഴാച്ചേരി.
കവിതയാണ് ഏറ്റവുമധികം വായിക്കുന്നത്?
കവിതയുടെ പാരമ്പര്യമാണ് വായനക്കാരനും കവിതയെഴുത്തുകാരനുമൊക്കെയാക്കിയത്. അത് ഇപ്പോഴും തുടരുന്നു. എഴുത്തച്ഛന്‍ മുതല്‍ ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍, വൈലോപ്പിള്ളി, ഇടശേരി, കുഞ്ഞിരാമന്‍ നായര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒഎന്‍വി ഇഷ്ടകവികളുടെ പട്ടിക ഇങ്ങനെ. അന്‍പതുകളിലും അറുപതുകളിലും കവിതയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.
വളളത്തോള്‍ ജീവിച്ചിരുന്ന കാലത്ത് ഞാന്‍ യുപി സ്‌കൂളിലാണ് പഠിക്കുന്നത്. എന്റെ പ്രിയപ്പെട്ട കവികളില്‍ ഒരാളാണ് അന്ന് വളളത്തോള്‍. കൊച്ചുസീത, കിളിക്കൊഞ്ചല്‍, ശിഷ്യനും മകനും അച്ഛനും മകളും തുടങ്ങിയ കവിതകളൊക്കെ വായിച്ച് ലഹരിയാര്‍ന്നിരിക്കുന്ന കാലമായിരുന്നു അത്.
കേരളപ്പിറവിക്കെല്ലാം കാരണക്കാരനായ കവിയാണല്ലോ വള്ളത്തോള്‍. കേരളം ഒന്നാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം നിരവധി കവിതകളെഴുതി.
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം-
പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്നനിന്‍ പാര്‍ശ്വയുഗ്മത്തെ
കാത്തുകൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ…
(മാതൃവന്ദനം)
വള്ളത്തോളിന്റെ മക്കളുമായും കുടുംബവുമായും അടുത്ത ബന്ധമുണ്ടായി. അദ്ദേഹത്തിന്റെ കവിതയോടുള്ള ആഭിമുഖ്യം അദ്ദേഹത്തോടുള്ള ആത്മബന്ധവും ആരാധനയുമായി മാറി.
കവികളോടുള്ള ആഭിമുഖ്യം കാരണം സ്‌കൂള്‍ പഠനകാലത്ത് തന്നെ ഒന്നും മനസ്സിലായില്ലെങ്കിലും കവിതകള്‍ വെറുതെ വായിക്കുമായിരുന്നു. ഈണമുളള കവിതയോടായിരുന്നു കൂടുതല്‍ ഇഷ്ടം. അര്‍ഥമറിയില്ലെങ്കിലും ചൊല്ലി നടക്കുമായിരുന്നു. അങ്ങനെയാണ് വള്ളത്തോളിനോടൊക്കെ വലിയ ആഭിമുഖ്യമുണ്ടാകുന്നത്. മഞ്ജരി വൃത്തത്തില്‍ വള്ളത്തോള്‍ എഴുതിയ കിളിക്കൊഞ്ചല്‍ പോലെയുള്ള കവിതകള്‍ ചൊല്ലി നടക്കും. പിന്നീട് മുതിര്‍ന്നപ്പോള്‍ കുമാരനാശാന്‍ ഇഷ്ട കവിയായി. മലയാളത്തിന്റെ ഒന്നാം നമ്പര്‍ കവിയായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് കുമാരനാശാന്‍ ആണ്. വൈലോപ്പിള്ളി ശ്രീധരമേനോന്‍, ഇടശേരി എന്നിവരും പ്രിയ കവികളായി. പി. കുഞ്ഞിരാമന്‍ നായര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒഎന്‍വി എന്നിവരുടെ കവിതകളും വായിച്ചു.
പുതിയ കവിതകള്‍ വായിക്കാറില്ലേ?
പുതിയ കവിതകളില്‍ സച്ചിദാനനന്ദന്റെ കവിതകളാണ് വായിക്കാറുള്ളത്. അദ്ദേഹത്തിന്റെ കവിതകളില്‍ വിപ്ലവമുണ്ട്. നമ്മെ സ്പര്‍ശിക്കുന്ന നമ്മെ ഇഷ്ടപ്പെടുത്തുന്ന എന്തോ ഒരു ഘടകമുണ്ട്. എന്താണ് ആ ഘടകമെന്നു പറയേണ്ടത് സാഹിത്യ നിരൂപകരാണ്. പിന്നെ ഇഷ്ടമുള്ളത് എന്റെ കവിതകള്‍ തന്നെ. ഏതു കവിക്കും അയാളുടെ കവിതകളോട് ഇഷ്ടമുണ്ടാകും.
മലയാളിയുടെ മാറ്റങ്ങള്‍? വായനയിലെ മാറ്റങ്ങള്‍?
മലയാളിക്ക് ഒരു പാട് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വേഷവിധാനത്തിലും ജീവിതരീതിയിലും എല്ലാം.
കവിത വീടുകളില്‍ നിത്യപാരായണത്തിനുപയോഗിച്ചിരുന്ന പെണ്‍സമൂഹം കേരളത്തിലുണ്ടായിരുന്നു. വായനശാലയുടെ പ്രവര്‍ത്തനമായി നടന്ന കാലത്ത് വീടുകളില്‍ പുസ്തകമെത്തിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. ടിവി വരുന്നതിനു മുന്‍പുള്ള കാലമാണത്. ചന്തുമേനോനില്‍ തുടങ്ങി തകഴി, കേശവദേവ്, ബഷീര്‍, എസ്.കെ. പൊറ്റക്കാട്, ലളിതാംബികാ അന്തര്‍ജനം, വെട്ടൂര്‍ രാമന്‍ നായര്‍ അങ്ങനെ വായന വളര്‍ന്ന് വയലാര്‍, ഒഎന്‍വി, പി, ഭാസ്‌കരന്‍, വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമന്‍ നായര്‍, ഇങ്ങനെ കവിതയിലും ഗദ്യത്തിലും മികച്ച വായനക്കാരുണ്ടായിരുന്നു.
വയലാര്‍, പി. ഭാസ്‌കരന്‍, ഒഎന്‍വി എന്നിവരെ വായിച്ചിരുന്നതു പോലെ ജാതി, മത, വര്‍ഗവണ വ്യതിയാനങ്ങള്‍ക്കതീതമായി കവിത വായിച്ചിരുന്ന ജനസഞ്ചയമുണ്ടായിരുന്നു. നോവല്‍ വായിച്ചിരുന്നവരാണ് 50 കളുടെ പകുതി മുതല്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ നോവല്‍ വായിക്കുന്നവരും കുറഞ്ഞു.
നോവല്‍, കഥ വായന?
അന്നും ഇന്നും എന്നും ജീവിക്കുന്ന നോവലിസ്റ്റ് എസ്.കെ. പൊറ്റക്കാടാണ്. ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, തകഴിയുടെ ഏണിപ്പടികള്‍ എന്ന നോവലൊക്കെ ഇഷ്ടമാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ക്ക് അന്നും ഇന്നും എന്നും പ്രസക്തിയുണ്ട്. തകഴിയേപ്പോലും കടത്തിവെട്ടി എംടി ജനപ്രിയ കഥാകാരനായി. തകര്‍ന്നടിഞ്ഞ തറവാടുകളുടെ കഥകാരനായി എന്നതിനൊപ്പം തന്നെ സിനിമയുമായുള്ള എംടിയുടെ ബന്ധവും അതിന് കാരണമായി. സിനിമയിലും മലയാളിത്തത്തിന്റെ മനുഷ്യഗന്ധം ആവാഹിച്ചിരുത്തിയത് എംടി വാസുദേവന്‍ നായരായിരുന്നു. അത്തരത്തില്‍ നല്ല തിരക്കഥാ രചയിതാവ്, നല്ല സംവിധായകന്‍, നല്ല കഥാകൃത്ത്, നല്ല നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ എംടിക്ക് വലിയ പ്രാധാന്യം ലഭിച്ചു. ചിലയാളുകള്‍ ഇതിനെ എതിര്‍ക്കുന്നുണ്ടാകാം. എങ്കിലും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ഇപ്പോഴും എംടി തന്നെ.
കവിതയുടെ കാര്യത്തില്‍ വയലാര്‍, പി. ഭാസ്‌കരന്‍, ഒഎന്‍വിയുടെ കാലം കഴിഞ്ഞ് സച്ചിദാനന്ദന്റെ കവിത, എന്‍.എന്‍. കക്കാട് , അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കവിതയൊക്കെ വായിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കവിതയുടെ വായനയും കുറഞ്ഞു. ഗദ്യവും നിരൂപണ സാഹിത്യവുമൊക്കെ വായന കുറഞ്ഞിട്ടുണ്ട്. നിരൂപണസാഹിത്യത്തിന് കെ.പി. അപ്പന്റെ കാലത്ത് ഉണര്‍വ് ലഭിച്ചിരുന്നു.
സമൂഹവും ജാതിചിന്തയും?
എഴുപത്, എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളില്‍ അക്കരെ കൊണ്ട് പാലം കടത്തിവിട്ട പൂച്ച പുലിയുടെ വേഷത്തില്‍ തിരികെയെത്തുന്ന കാഴ്ച നാം കാണുന്നു. ജാതിചിന്തയാണത്. ഒരിക്കല്‍ അമര്‍ത്തി നിര്‍ത്തിയിരുന്ന ജാതി ഏഴ് പത്തികളുയര്‍ത്തി മടങ്ങി വരുന്നു. ജാതിയാണ് ഏറ്റവും വലിയ ശത്രു. ജാതിയെ ഹോമിച്ച് ഒഴിക്കുകയാണ് വേണ്ടതെന്ന് മുപ്പതുകളില്‍ തന്നെ കുമാരനാശാന്‍ പറഞ്ഞു. അത് ഇന്നും പ്രസക്തമാണ്. യുവജനപ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രധാന സാംസ്‌കാരിക ദൗത്യം. ആ ദൗത്യം നിറവേറ്റുകയെന്നതാണ് പ്രധാനം. ജാതിക്കെതിരെ, മതത്തിനെതിരെ, വിഭാഗീയതകള്‍ക്കെതിരേ മനസ്സില്‍ ഒരു ദര്‍ശനമുണ്ടാകണം.
അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ജാതിക്കും മതത്തിനും അതീതരമായി പ്രവര്‍ത്തിക്കണം. എസ് കെ പൊറ്റക്കാടിന്റെയും തകഴിയുടെയും കേശവദേവിന്റെയും ലളിതാംബികാ അന്തര്‍ജനത്തിന്റെയും വികെഎന്നിന്റെയുമൊക്കെ പാരമ്പര്യം ജാതിമതത്തിനതീതമായ ചിന്താസരണിയാണ്.
മലയാളം-കേരളീയം?
മലയാള ഭാഷ എന്നത് എന്റെ ഭാഷയാണ്. നിങ്ങളുടെ ഭാഷയാണ്. മനുഷ്യന്റെ ഭാഷയാണ്. മൃഗങ്ങള്‍ക്കും പൂക്കള്‍ക്കും പുഴുക്കള്‍ക്കും ചെടിക്കും കാടിനും കുന്നിനും ആണിനും പെണ്ണിനും കിളിക്കും എല്ലാമറിയുന്ന ഭാഷയാണ് മലയാള ഭാഷ എന്നു വിശ്വസിച്ചിരുന്ന പൂര്‍വ്വികരാണ് നമുക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ജാതി മതാതീതമായ കൃതി മുഴുവന്‍ മലയാള ഗൃഹങ്ങളിലും കര്‍ക്കിടകത്തിലും മറ്റു മാസങ്ങളിലും ആവര്‍ത്തിച്ചു വായിക്കുന്നത്. രാമായണം കിളിയെക്കൊണ്ട് പാടിക്കുന്ന കിളിപ്പാട്ട് എന്നാണ് പറയുന്നത്. കുയിലിനെ കൊണ്ട് പാടിച്ചത്. ശുകസന്ദേശം, കോകസന്ദേശം തുടങ്ങിയ സന്ദേശ കാവ്യങ്ങളാലും സമ്പന്നാണ് മലയാളം. ഇത് ഏറെ അഭിമാനകരമായ സാംസ്‌കാരിക സവിശേഷതയാണ്. അവിടെ നിന്നാണ് മലയാള ജീവിതത്തിലേക്കുള്ള നറുമുത്തുകള്‍ സാമൂഹ്യപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും വാരിയെടുത്തത് എന്നത് അഭിമാനകരമാണ്.
നവംബര്‍ 1 മുതല്‍ 7 വരെയുള്ള ഒരാഴ്ചക്കാലം വിവിധ പരിപാടികള്‍ കാണാനും കേള്‍ക്കാനും അറിയാനും അറിയിക്കാനും എല്ലാമുള്ള സര്‍ഗപരമായ മലയാളത്തിന്റെ കണ്ണീരും ചോരയും കിനിയുന്ന ക്രിയാപരിച്ഛേദം എന്ന നിലയിലുള്ള വലിയ ആഘോഷമാണ് കേരളീയം. ജാതി, മതം, വര്‍ഗം, വര്‍ണം, ദേശം, കാലം എന്നിവയ്ക്കെല്ലാം അതീതമായ മുഴുവന്‍ മലയാളികളും ഒരമ്മ പെറ്റ മക്കളേപ്പോലെ ഒരുമിക്കുന്ന ഒരു സര്‍ഗജീവിതാവസ്ഥ ഉണ്ടാകേണമേ എന്ന പ്രാര്‍ഥനയാണ് കേരളീയത്തിന്റെ ഈ അവസരത്തില്‍ പങ്കുവെക്കാനുള്ളത്.