കണക്കില്‍പ്പെടാത്ത പണമിടപാട്; പി.വി. ശ്രീനിജിന്‍ MLA-ക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടാകും

കൊച്ചി: സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി.

കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഒരു നിര്‍മാതാവുമായി ശ്രീനിജിന് പണമിടപാടുള്ള വിവരം ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ശ്രീനിജിനെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യംചെയ്തു. ഒരു നിര്‍മാതാവില്‍ നിന്ന് താന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് അന്ന് ശ്രീനിജിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍, 2013 കാലയളവില്‍ നിര്‍മാതാവിന് ശ്രീനിജിന്‍ പണം നല്‍കിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഒന്നര കോടിയോളം രൂപ നല്‍കിയതായും അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിന്‍ പലിശയായി കൈപ്പറ്റിയിരുന്നതായുമാണ് വിവരം. നേരിട്ടല്ല ശ്രീനിജിന്‍ പണം കൈപ്പറ്റിയിരുന്നത്. ശ്രീനിജിന്‍ ഡറക്ടറായിട്ടുള്ള ഗാര്‍ഡന്‍ കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് നിര്‍മാതാവ് എല്ലാ മാസവും പണം കൈമാറിയിരുന്നതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.

തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നത്. തൊഴിലാളികളുടെയും നിര്‍മാതാവിന്റെയും മൊഴിക്കൊപ്പം പണം കൈമാറ്റത്തിന്റെ രേഖകളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

കണക്കില്‍പ്പെടാത്ത പണത്തിന് ശ്രീനിജിനില്‍ നിന്ന് നികുതിയും പിഴയുമടക്കം ഈടാക്കാനുള്ള നടപടിയിലാണ് ആദായനികുതിവകുപ്പ്. ശ്രീനിജിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്വത്ത് വിവരങ്ങളും പുതിയ നടപടികളോടെ ചോദ്യംചെയ്യപ്പെടും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7