SFI-യില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; ബി.കോം പൂര്‍ത്തിയാക്കാതെ എം.കോം പ്രവേശനം

ആലപ്പുഴ: എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്നതാണ് പുതിയ വിവാദം. ആരോപണം ഉയർന്നതോടെ നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. നിഖിലിന്റെ ജൂനിയർ വിദ്യാർഥിയായിട്ടുള്ള ജില്ലാ കമ്മിറ്റി അം​ഗം നൽകിയ പരാതിയിന്മേലാണ് നടപടി.

2018-20 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളേജിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 2021-ൽ ഇതേ കോളേജിൽ ഇയാൾ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാൾ പ്രവേശനം നേടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇത്തരത്തിൽ പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി. കോം സര്‍ട്ടിഫിക്കറ്റ് നിഖില്‍ ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തും കലിംഗ യൂണിവേഴ്‌സിറ്റിയിലും ഒരേ കാലത്ത് ഇയാള്‍ എങ്ങിനെ പഠിച്ചു എന്നതാണ് നിലവില്‍ പ്രശ്‌നമായിരിക്കുന്നത്. കലിം​ഗാ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പരാതി ഉയർന്നതോടെ നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം എരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു.

ഇത് പാര്‍ട്ടി അന്വേഷണം നടത്തേണ്ട വിഷയമല്ലെന്നും സര്‍വകലാശാല തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7