തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷകളാരംഭിച്ച വെള്ളിയാഴ്ച ചോദ്യക്കടലാസിന്റെ നിറം ചുവപ്പായതിൽ പരിഹസിച്ച് മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ അബ്ദുറബ്ബ്. ചോദ്യപേപ്പർ പച്ചമഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ താൻ രാജിവയ്ക്കേണ്ടി വന്നേനെ എന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു. പിങ്കുകലർന്ന ചുവപ്പുനിറമുള്ള ചോദ്യപേപ്പറാണ് പ്ലസ്വൺ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച നടന്ന പരീക്ഷയ്ക്കു നൽകിയിരുന്നത്.
‘പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ… ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജിവയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആർ.ടി.സി. ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽവരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്’-അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം പ്ലസ്വൺ, പ്ലസ്ടു പരീക്ഷകൾ ഒന്നിച്ചുനടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പെട്ടെന്ന് തിരിച്ചറിയാനാണ് നിറംമാറ്റമെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വിശദീകരണം. ചോദ്യക്കടലാസുകളുടെ നിറംമാറ്റം മുൻകൂട്ടി അറിയിച്ചില്ലെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. കറുപ്പക്ഷരങ്ങളിലായിരുന്നു പ്ലസ്ടു ചോദ്യപേപ്പർ.