ഇടുക്കിയിൽ ഷവർമ കഴിച്ച് കുടുംബത്തിലെ 3 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

നെടുങ്കണ്ടം : ഇടുക്കിയിൽ ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 7 വയസ്സുകാരനടക്കം 3 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പരാതിയെ തുടർന്ന് നെടുങ്കണ്ടം കിഴക്കേകവലക്ക് സമീപം പ്രവർത്തികുന്ന ക്യാമൽ റസ്റ്ററന്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു. ഹോട്ടൽ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നെടുങ്കണ്ടം പാറക്കൂടിൽ ബിപിൻ പി.മാത്യു (39), മാതാവ് ലിസി മത്തായി (56), ബിപിന്റെ മകൻ മാത്യു ബിപിൻ (7) എന്നിവരാണ് ചികിത്സ തേടിയത്. ജനുവരി 1ന് ഉച്ചകഴിഞ്ഞാണ് ബിപിൻ ഷവർമ ഓർഡർ ചെയ്തത്. ഹോട്ടലിലെ ഡെലിവറി ബോയ് ഷവർമ വീട്ടിലെത്തിച്ചു. രാത്രിയോടെ മൂവർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസ്സുകാരനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരുന്നു നൽകിയെങ്കിലും പനി കുറഞ്ഞില്ല. മറ്റുള്ളവർക്കും അസ്വസ്ഥതകൾ കൂടിയതോടെ മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

നെടുങ്കണ്ടത്തെ സ്വകാര്യ കോളജിൽ അധ്യാപകനാണ് ബിപിൻ. പരിശോധനയിൽ ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെന്ന് കണ്ടെത്തിയതോടെ ബിപിൻ ആരോഗ്യ വകുപ്പിന് പരാതി നൽകി. ഭക്ഷ്യവിഷബാധയേറ്റതോടെ സ്വകാര്യ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്തു. ഹോട്ടലിന് പഞ്ചായത്ത് ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്നിവയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തനം നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയത്. മെഡിക്കൽ ഓഫിസർ ഡോ.അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.അമ്പാൻ, ആർ.സന്തോഷ്, കെ.പി.മഞ്ജു, കെ.ശശി പ്രസാദ്, പി.എസ്.ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ഹോട്ടൽ പൂട്ടാൻ നോട്ടിസ് നൽകിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7