മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്നവർ

മല്ലപ്പള്ളി : ദേശീയ ദുരന്തനിവാരണസേന നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്നവർ. മോക്ഡ്രില്ലിന്റെ ഭാഗമായി എത്രപേരാണ് പുഴയിലിറങ്ങിയതെന്നു പോലും അഗ്നിരക്ഷാ സേനയ്ക്ക് അറിയുമായിരുന്നില്ലെന്നാണ് ആരോപണം. പുഴയിലിറങ്ങാൻ നാലു പേരെയാണ് റവന്യൂ വകുപ്പ് ഒരുക്കിനിർത്തിയത്. മോക്ഡ്രില്ലിനിടെ ഒരാൾ പുഴയിൽ മുങ്ങിപ്പോയതായി തിരിച്ചെത്തിയവർ അറിയിച്ചപ്പോൾ, പുഴയിലിറങ്ങിയത് മൂന്നു പേരല്ലേയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. മരിച്ചയാൾക്കൊപ്പം വെള്ളത്തിലിറങ്ങിയ ബിജു നൈനാനാണ് തികഞ്ഞ അനാസ്ഥ വെളിവാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

മോക്ഡ്രില്ലിനു മുന്നോടിയായുള്ള പ്ലാനിങ്ങും ഏകോപനവും പാളിയെന്ന ആക്ഷേപത്തിനിടെയാണ്, എത്ര പേരാണ് വെള്ളത്തിലിറങ്ങിയതെന്നു പോലും ഉദ്യോഗസ്ഥർക്ക് അറിയുമായിരുന്നില്ലെന്ന വെളിപ്പെടുത്തൽ. മരിച്ച ബിനു സോമനു പുറമെ തുരുത്തിക്കാട് കർക്കിടകംപള്ളിൽ മോൻസി കുര്യാക്കോസ്, വാതറ വീട്ടിൽ ജിജോ മാത്യു, മരുതൂക്കുന്നേൽ ബിജു നൈനാൻ എന്നിവരാണ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മോക്ഡ്രില്ലിന്റെ ഭാഗമായത്.

ഇതിൽ മോൻസി കുര്യാക്കോസ്, ജിജോ മാത്യു എന്നിവർ രക്ഷാപ്രവർത്തനം പരിശീലിപ്പിക്കുന്ന പുറമറ്റം പഞ്ചായത്ത് കരയുടെ ഭാഗത്തേക്ക് നദിയിലൂടെ നീന്തിയാണ് എത്തിയത്. ബിനു സോമനും ബിജു നൈനാനും പാലത്തിലൂടെ അക്കരെ എത്തിയാണ് പങ്കാളികളായത്. പ്രളയത്തിൽ നദിയിൽ അകപ്പെടുന്നവരായി 5 പേരെ വേണമെന്നാണ് പരിശീലകർ പറഞ്ഞിരുന്നതെന്ന് ബിജുവും മോൻസിയും ജിജോയും പറയുന്നു. 4 പേരെ പങ്കെടുപ്പിച്ചായിരുന്നു രക്ഷാപ്രവർത്തന പരിശീലനം.

ബന്ധപ്പെട്ടവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 4 പേരും നദിയിലെ ഒഴുക്കിൽപെട്ടതുപോലെ നീന്താനും തുടങ്ങി. മോൻസി, ജിജോ എന്നിവർക്കു പിന്നാലെ ബിനുവും ബിജുവുമാണ് ആദ്യം നദിയിൽ ഇറങ്ങിയത്. മോൻസി, ജിജോ എന്നിവർ സ്കൂബ ബോട്ടിൽനിന്ന് ഇട്ടുകൊടുക്കുന്ന കാറ്റ് നിറച്ച ട്യൂബിൽപിടിച്ച് ബോട്ടിലേക്ക് കയറി. എന്നാൽ, ഇവർക്കു പിന്നാലെയെത്തിയ ബിനു കയത്തിലകപ്പെടുകയായിരുന്നു. കാറ്റ് നിറച്ച ട്യൂബ് ഇട്ടുകൊടുത്തിട്ടും വെള്ളത്തിനു മുകളിൽ കാണാതിരുന്നപ്പോഴാണ് അപകടത്തിൽപെട്ടതറിയുന്നത്. ഒരാളെ കാണാനില്ലെന്ന് അറിയിച്ചപ്പോൾ, മൂന്നു പേരല്ലേ വെള്ളത്തിലിറങ്ങിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നാണ് ആരോപണം.

അപകടം മനസ്സിലാക്കി സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും വളരെ നേരത്തിനു ശേഷമാണ് ബിനുവിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.

മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച പരാതി പ്രകാരം, ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ കിടന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 29ന് രാവിലെ നടക്കേണ്ട മോക്ഡ്രിൽ 28 വൈകുന്നേരത്തോടെ ബോട്ട് ഇറക്കുവാനുള്ള സൗകര്യം മാത്രം നോക്കിയാണ് എൻഡിആർഎഫ് സ്ഥലം തീരുമാനിച്ചതെന്നും ആരോപണമുണ്ട്. അവസാന നിമിഷം മോക്ഡ്രിൽ നടത്തേണ്ട സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരെ യഥാസമയം അറിയിച്ചിരുന്നുമില്ല. പുഴയുടെ സ്വഭാവത്തെ കുറിച്ചോ ആഴത്തെ കുറിച്ചോ യാതൊരു വിശകലനവും നാട്ടുകാരോട് നടത്താൻ തയാറായില്ലെന്നും പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7