എസ്എസ്എല്‍സി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022–- 2023 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ 2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. എസ്എസ്എല്‍സി മുല്യനിര്‍ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കും. പരീക്ഷാഫലം 2023 മേയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. എസ്എസ്എല്‍സിക്കു 70 മൂല്യനിര്‍ണയ ക്യാംപുകളാണ് ഉണ്ടാവുക. 9,762 അധ്യാപകര്‍ ഈ ക്യാംപുകളില്‍ മൂല്യനിര്‍ണയത്തിനായി എത്തും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. പ്ലസ്‌വണ്‍, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കും.

ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍, പ്ലസ്ടു പൊതുപരീക്ഷകളും 60,000 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയും എഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച് പരീക്ഷാഫലം മേയ് 25 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറിക്ക് 82 മൂല്യനിര്‍ണ്ണയ ക്യാംപുകളാണ് ഉണ്ടാവുക. 24,000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 8 മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടാവും. അതില്‍ 3,500 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ പങ്കെടുക്കും.

ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular