റോയൽ എൻഫീൽഡ് റൈഡർ മാനിയ 18 മുതൽ 20 വരെ ഗോവയിൽ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജ്യത്തുടനീളമുള്ള മികച്ച റൈഡർമാർ, കലാകാരന്മാർ, സംഗീതജ്ഞർ, കഥാകാരന്മാർ എന്നിവർ‍ക്കൊപ്പം സംഗീതം, കല, പൈതൃകം, പ്രചോദനം, പോപ്പ് സംസ്കാരം എന്നിവ സമന്വയിക്കും. റൈഡർ മാനിയ 2022 ചില ആവേശകരമായ മോട്ടോർസൈക്കിൾ അനുഭവങ്ങളുടെയും സംഗീതത്തിന്റെയും മികച്ച മിശ്രിതമായാണ് അവതരിപ്പിക്കുന്നത്.

ഈ വർഷത്തെ റൈഡർ മാനിയ മോട്ടോത്രിൽ, മോട്ടോവിൽ, മോട്ടോസോണിക്, മോട്ടോഷോപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് നടക്കുക. ഇവയ്ക്കു പുറമെ, മോട്ടോർസൈക്ലിങ് രംഗത്തെ പ്രചോദനാത്മകമായ കഥകൾ പങ്കിടുന്ന മോട്ടോറീൽ എന്ന പരിപാടിയും റൈഡർ മാനിയ 2022 ന്റെ ഭാഗമാകും.

മോട്ടോത്രിൽ: ഇന്ത്യയിലെ ആദ്യത്തെ ഡാക്കാർ റാലിയിൽ പങ്കെടുത്ത സി എസ് സന്തോഷ് ക്യൂറേറ്റ് ചെയ്യുന്ന ഇന്ത്യയിലെ പ്രീമിയർ ഓഫ്-റോഡ് ട്രെയിനിംഗ് മോട്ടോപാർക്കിലും ട്രെയിനിംഗ് അക്കാദമിയിലും വാഹനമോടിക്കുവാനുള്ള അവസരമാണ് ഈ വിഭാഗം പ്രദാനം ചെയ്യുന്നത്. ടു വീലർ , ഫോർ വീലർ റേസിംഗിന് പേരുകേട്ട ഡാക്കാർ റാലി ചാമ്പ്യനായ നാനി റോമ, ഡാക്കറിലെ ഇന്ത്യൻ പ്രതിനിധികളിലൊരാളായ ആശിഷ് റൗറാനെ, സി എസ് സന്തോഷ് എന്നിവരോടൊപ്പമുള്ള സ്പീക്കർ സെഷനുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. കൂടാതെ, ഡേർട്ട് ട്രാക്ക്, ട്രയൽ സ്‌കൂൾ, എയ്‌സ് ദി ഹിൽ, അഡ്വഞ്ചർ സോൺ തുടങ്ങി റൈഡർ മാനിയയിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോട്ടോവിൽ: മോട്ടോവിൽ വിഭാഗത്തിൽ എക്സ്പ്ലോറേഷൻ സോൺ, കസ്റ്റം സോൺ, ക്രൂയിസർ സോൺ, സ്ട്രീറ്റ് സോൺ എന്ന നാല് തനതു പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോന്നിലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, സ്‌നീക്കർ കസ്റ്റമൈസേഷൻ, മ്യൂറൽ ആർട്ട് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ശില്പശാലകൾ സംഘടിപ്പിക്കും. കലാ പൈതൃക തല്‍പരർ‍ക്ക് റോയൽ എൻഫീൽഡ് പോപ്പ് അപ്പ് മ്യൂസിയത്തിൽ റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് പൈതൃകം കാണാൻ അവസരം ഉണ്ടാകും. ഒപ്പം, യുനെസ്കോ അറീന യിൽ യുനെസ്കോയുടെയും റോയൽ എൻഫീൽഡിന്റെയും പങ്കാളിത്തത്തോടെ തയാറാക്കിയിട്ടുള്ള പ്രദർശനത്തിൽ തദ്ദേശീയ ഗോത്രങ്ങളുടെയും ഹിമാലയത്തെ സംബന്ധിച്ചുള്ള സവിശേഷതകളും കാണാനാകും. പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും പൈതൃക പ്രവർത്തകനുമായ വിക്രംജിത് സിംഗ് രൂപ്റായ്, ഫോട്ടോഗ്രാഫേഴ്‌സ് ഓഫ് ഇന്ത്യ സ്ഥാപക അംഗങ്ങളിലൊരാളായ മനീഷ് മിശ്ര തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളെക്കുറിച്ചും അവരുടെ പ്രചോദനാത്മകമായ യാത്രകളിൽ നിന്നുള്ള പഠനങ്ങളെക്കുറിച്ചും നേരിട്ടറിയാനും കഴിയും.

മോട്ടോസോണിക്ക്: നാഗാലാൻഡിൽ നിന്നുള്ള പേരുകേട്ട തത്സെയോ സിസ്റ്റേർസ്, പ്രശസ്തമായ പർവാസ് ബാൻഡ്, ഇലക്ട്രോണിക് സംഗീത പശ്ചാത്തലത്തിൽ പരീക്ഷണാത്മക തബല വാദനത്തിന് പേരുകേട്ട കാർഷ് കാലെ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ റാപ്പറായ ഡിവൈൻ, തുടങ്ങി നിരവധി കലാകാരന്മാരുമൊത്തുള്ള കലാവിരുന്നാണ് മോട്ടോസോണിക്ക് അവതരിപ്പിക്കുന്നത്.

മോട്ടോഷോപ്പ്: മോട്ടോർ സൈക്കിളുകൾക്കുപരിയായി, റൈഡർ മാനിയയുടെ ഈ പതിപ്പ് വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലോകത്ത് നിന്നുള്ള നിരവധി പ്രവർത്തനങ്ങൾക്ക് കൂടി സാക്ഷ്യം വഹിക്കും. റോയൽ എൻഫീൽഡ് തങ്ങളുടെ ക്ലാസിക്കിന്റെ 1:3 സ്കെയിൽ മോഡൽ അനാവരണം ചെയ്യും. ഇതിന് പുറമെ, ആർട്ട് ഓഫ് മോട്ടോർസൈക്ലിംഗ് ഗാലറിയിൽ ഒന്നും രണ്ടും സീസണുകളിൽ നിന്ന് തിരഞ്ഞെടുത്ത ഡിസൈനുകൾ പ്രദർശിപ്പിക്കും. അപ്പാരൽ എം ഐ വൈ സ്റ്റാളിൽ ടീ-ഷർട്ടുകളുടെ തത്സമയ പ്രിന്റിംഗ്, ഹെൽമെറ്റ് പെയിന്റിംഗിനെക്കുറിച്ചുള്ള മാസ്റ്റർക്ലാസ്, ലൈവ് ഹെൽമറ്റ് പെയിന്റിംഗ്, പുതിയതും നിലവിലുള്ളതുമായ ഹെൽമെറ്റുകളുടെ കസ്റ്റമൈസേഷൻ എന്നിവയും സംഘടിപ്പിക്കും.

റൈഡിംഗ് സമൂഹത്തിന്റെ സൗഹൃദം ആഘോഷിക്കുന്ന അതുല്യ പ്ലാറ്റ്‌ഫോമാണ് റൈഡർ മാനിയ. മൂന്നു ദിവസത്തെ രസകരമായ പ്രവർത്തനങ്ങളും റോയൽ എൻഫീൽഡ് കുടുംബത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മോട്ടോർസൈക്കിൾ യാത്രക്കാരുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും സാക്ഷ്യപത്രവും കൂടിയാണ് ഇത് . സുസ്ഥിരതയിലേക്കുള്ള യാത്ര തുടരുന്ന റൈഡർ മാനിയ 2022, റോയൽ എൻഫീൽഡിന്റെ ഉത്തരവാദിത്ത യാത്ര എന്ന സാമൂഹിക ദൗത്യത്തിന് കീഴിലുള്ള മറ്റ് സംരംഭങ്ങൾക്കൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കുക, #ലീവ്എവെരിപ്‌ളേസ്ബെറ്റർ തുടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കും.

Similar Articles

Comments

Advertismentspot_img

Most Popular