ഗൂഗിളിന് ഇന്ത്യയുടെ കനത്ത പ്രഹരം

വിപണികളിൽ മേധാവിത്വം ഉറപ്പാക്കും വിധം ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തിയിരിക്കുകയാണ് കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്റർനെറ്റ് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വൻകിട ടെക്ക് കമ്പനികൾക്കുള്ള കനത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ് ഈ നടപടി. പിഴശിക്ഷയ്ക്ക് പുറമെ ഇത്തരം പ്രവൃത്തികളിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ പിൻമാറണം എന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റർനെറ്റിൽ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ വിവിധ കൂട്ടായ്മകളിൽ നിന്ന് ലഭിച്ച പരാതികൾ അടുത്തിടെ ഒന്നിച്ച് പരിഗണിക്കാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു.

ഇന്ത്യൻ ന്യൂസ് പേപ്പർ അസോസിയേഷൻ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ തുടങ്ങിയ കൂട്ടായ്മകൾ ഗൂഗിളിന്റെ വിപണിയിലെ പെരുമാറ്റത്തിനെതിരെ കമ്മീഷനിൽ പരാതികൾ നൽകിയിരുന്നു.

കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്ത ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ). നിർണായകമായ നടപടിയാണിതെന്നും ജനാധിപത്യപരമായ ഇന്റർനെറ്റ് രംഗത്തിന് വേണ്ടി ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും പറഞ്ഞു. മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കിടുന്നതിലുള്ള ഗൂഗിളിന്റെ രീതികളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകളെ ഇത് ശരിവെക്കുന്നുവെന്നും ഡിഎൻപിഎ കൂട്ടിച്ചേർത്തു.

ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടും പ്ലേ സ്റ്റോർ, ഗൂഗിൾ സെർച്ച്, ഗൂഗിൾ ക്രോ, യൂട്യൂബ് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ടും ഗൂഗിൾ പിന്തുടരുന്ന രീതികളെല്ലാം പിഴശിക്ഷ വിധിക്കും മുമ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു.

2019-ലാണ് ഗൂഗിളിനെതിരേ അന്വേഷണം ആരംഭിച്ചത്. ആൻഡ്രോയ്ഡ് ഫോണുകൾ നിർമിക്കുമ്പോൾ ‘ഗൂഗിൾ സെർച്ച്’ ഡീഫോൾട്ടായി നൽകാൻ മൊബൈൽഫോൺ നിർമാണക്കമ്പനികളെ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇതിനായി മൊബൈൽ ഫോൺ കമ്പനികൾക്ക് ഗൂഗിൾ സാമ്പത്തികവാഗ്ദാനങ്ങൾ നൽകരുതെന്നും നിർദേശിച്ചിരുന്നു.

ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ ആപ്പിളിൽ നിന്ന് തങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഗൂഗിൾ കമ്മീഷന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇരു കമ്പനികളും തമ്മിൽ എത്രത്തോളം മത്സരം നടക്കുന്നുണ്ടെന്നതുൾപ്പടെയുള്ള കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. വിവിധ വിപണികളിൽ ഗൂഗിളിന്റെ പുലർത്തിവരുന്ന ആധിപത്യം കമ്മീഷന് വ്യക്തമായിട്ടുണ്ട്.

വിപണിയിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള മത്സരം നടക്കേണ്ടതുണ്ടെന്ന് ഗൂഗിളിന് പിഴശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിൽ കമ്മീഷൻ പറയുന്നു. ഗൂഗിളിനെ പോലുള്ള വൻകിട കമ്പനികളുടെ രീതികൾ ഇന്റർനെറ്റ് രംഗത്തെ മറ്റ് സ്ഥാപനങ്ങളെ ബാധിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.

രാജ്യത്തെ വളർന്നുവരുന്ന ഇന്റർനെറ്റ് പരിതസ്ഥിതിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും വിപണിയിലെ സ്വാധീനം ദുരുപയോഗം ചെയ്യുന്ന വൻകിട ടെക്ക് കമ്പനികളെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

ഗൂഗിളിന്റെ സ്വന്തം ആപ്പുകൾ ഉൾപ്പെടുന്ന ‘ഗൂഗിൾ മൊബൈൽ സ്യൂട്ട്’ മുൻകൂർ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധിതമാക്കിക്കൊണ്ടാണ് മൊബൈൽ ആപ്ലിക്കേഷൻ എഗ്രിമന്റ് തയ്യാറാക്കുന്നത്. അവ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കില്ല. ഈ ആപ്പുകൾക്ക് മുൻഗണന ലഭിക്കുന്നതിന് വേണ്ടി ഉപകരണ നിർമാതാക്കൾക്ക് മേൽ അന്യായമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

ഓൺലൈൻ സെർച്ച് വിപണിയിൽ തങ്ങളുടെ മേധാവിത്വം നിലനിർത്താനുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തി. ഇതിന്റെ ഭാഗമായി മറ്റ് സെർച്ചിങ് ആപ്പുകൾക്ക് വിപണിയിൽ മത്സരിക്കുന്നതിനുള്ള അവസരം നിഷേധിച്ചു.

ഓൺലൈൻ സെർച്ചിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിന് ആൻഡ്രോയിഡ് ഓഎസിന് വേണ്ടിയുള്ള ആപ്പ് സ്റ്റോർ വിപണിയിൽ തങ്ങളുടെ ആധിപത്യം കമ്പനി പ്രയോജനപ്പെടുത്തി.

ഗൂഗിൾ ക്രോമിനും യൂട്യൂബിനും പ്രാമുഖ്യം ലഭിക്കുന്നതിനും ഈ മേഖലകളിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനും ആപ്പ് സ്റ്റോർവിപണിയിലെ ആധിപത്യം ഉപയോഗിച്ചു.

ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ആപ്പുകൾ മുൻകൂർ ഇൻസ്റ്റാൾ ചെയ്യിക്കുന്നതുവഴി ആൻഡ്രോയിഡ് ഫോർക്കുകൾ എന്ന് വിളിക്കുന്ന ആൻഡ്രോയിഡിന്റെ മറ്റ് പതിപ്പുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ നിർമിക്കുന്നതിനും വിൽക്കുന്നതിൽ നിന്നും മറ്റ് ഉപകരണ നിർമാതാക്കളെ നിയന്ത്രിച്ചു.

ഇന്റർനെറ്റ് രംഗത്ത് ആഗോള തലത്തിൽ വലിയ രീതിയിൽ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഗൂഗിൾ ഉൾപ്പടെയുള്ള വൻകിട കമ്പനികൾ. ഡാറ്റ ഉപയോഗം, വരുമാനം പങ്കുവെക്കൽ, സ്വകാര്യത, വിപണിയിലെ മത്സരം തുടങ്ങി നിരവധി മേഖലകളിൽ തങ്ങളുടെ ആധിപത്യത്തിന്റെ ആനുകൂല്യം പിൻപറ്റിയുള്ള കമ്പനികളുടെ നടപടികളാണ് ഇപ്പോൾ അധികൃതർ ചോദ്യം ചെയ്യുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular