ഇലന്തൂർ (പത്തനംതിട്ട) :പാരമ്പര്യവൈദ്യനായ കെ.വി.ഭഗവൽ സിങ് സിപിഎം പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയും. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142–ാം ബൂത്തിലെ എൽഡിഎഫ് ഏജന്റുമായിരുന്നു.
ഭഗവൽ സിങ് സിപിഎം പ്രവർത്തകനായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞു. ഇത്രയും വലിയ അരുംകൊല ഇയാൾ നടത്തിയതായി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നു.
പാരമ്പര്യ വൈദ്യത്തിന്റെ മറവിൽ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാർ മുൻകൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചു. ഇതിനുശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ലൈലയുടെ ആദ്യ ഭർത്താവ് ആറ്റിൽ വീണു മരിച്ചതായി പറയുന്നു. ഭഗവൽ സിങ് ആദ്യ ഭാര്യയെ മാനസികപ്രശ്നം ആരോപിച്ച് ഉപേക്ഷിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകൾ വിവാഹിതയായി വിദേശത്താണ്. ലൈലയുടെയും സിങ്ങിന്റെയും മകനും വിദേശത്താണു ജോലി.