പൂജയ്ക്കു കൂടുതല്‍ ഫലം ലഭിക്കാന്‍ ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധം; സിനിമ മോഹം നല്‍കി നരബലി

കൊച്ചി : ഫെസ്ബുക്കിലെ ഹൈക്കു കവി പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിങ്ങിന് ശ്രീദേവി എന്ന ഐഡിയില്‍നിന്നു ഫ്രണ്ട് റിക്വസ്റ്റ് വരുന്നിടത്തുനിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ തുടക്കം. മുഹമ്മദ് ഷാഫി എന്നയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പെണ്‍കുട്ടിയായി ചമഞ്ഞ് ഭഗവല്‍ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാല്‍ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവല്‍ സിങ്ങിനെ ‘ശ്രീദേവി’ വിശ്വസിപ്പിച്ചു. സിദ്ധന്റേത് എന്ന പേരില്‍ മുഹമ്മദ് ഷാഫിയുടെ ഫോണ്‍ നമ്പരും നല്‍കി. താന്‍ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല. മന്ത്രവാദത്തിന്റെ ഫലങ്ങള്‍ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ഭഗവല്‍ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൂജയ്‌ക്കെത്തിയ മുഹമ്മദ് ഷാഫി, പൂജയുടെ ഭാഗം എന്ന നിലയില്‍ ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. പൂജയ്ക്കു കൂടുതല്‍ ഫലം ലഭിക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവല്‍ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നല്‍കണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിര്‍ദേശം. ഇത് അംഗീകരിച്ച ദമ്പതികള്‍, ബലി നല്‍കാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏല്‍പിക്കുകയായിരുന്നു.

സിനിമയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം നല്‍കാമെന്ന വാഗ്ദാനമാണ് കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്!ലിക്കും കടവന്ത്രയില്‍ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും! ഷാഫി നല്‍കിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു. റോസ്‌ലിയെ കൂട്ടിക്കൊണ്ടു പോയി അന്നേ ദിവസം തന്നെ കൊലപ്പെടുത്തി പൂജ നടത്തി. ക്രൂരമായ പീഡനത്തിന് ഇരയാക്കിയായിരുന്നു ബലിയര്‍പ്പിക്കല്‍. കയ്യും കാലും കെട്ടിയിട്ട്, മാറിടം മുറിച്ചു ചോര വാര്‍ന്നുശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നെന്ന് ഇയാള്‍ തന്നെ മൊഴി നല്‍കിയെന്നു പൊലീസ് പറയുന്നു.

റോസ്!ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാള്‍ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. അതേസമയം വീട്ടില്‍ സമ്പത്തുണ്ടാകുകയായിരുന്നു ഭഗവല്‍ സിങ്ങിന്റെ ഉദ്ദേശ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുകയാണ് എന്നും പറഞ്ഞത് ഭഗവല്‍സിങ് വിശ്വസിച്ചു. മാത്രമല്ല, പൂജയ്ക്കു വേണ്ട പണം നല്‍കുകയും ചെയ്തു. ഇതോടെ കടവന്ത്രയ്ക്കടുത്തു താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയയെും ഷാഫി വലയിലാക്കി. സിനിമയില്‍ അഭിനയിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നല്‍കാമെന്നും ആയിരുന്നു ഇവര്‍ക്കും നല്‍കിയ വാഗ്ദാനം.

നിത്യവൃത്തിക്കു ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മം, പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുയായിരുന്നു. തിരുവല്ലയില്‍ എത്തിച്ച ശേഷം ഇവരെയും ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും ശരീരത്തില്‍ നിന്നു വാര്‍ന്ന രക്തം വീടുമുഴുവന്‍ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകള്‍. രാത്രി മുഴുവന്‍ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.

പത്മത്തെ കാണാതെ വന്നതോടെ മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നതിലേയ്ക്കു വഴി തെളിച്ചു. പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഷാഫിയെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി കൂടുതല്‍ കൊലപാതകങ്ങള്‍ ഇത്തരത്തില്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7