അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം.ആർ. ധനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ കലക്ടർ രേണു രാജിനോടു റിപ്പോർട്ടു തേടണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവധി അറിയിക്കുന്നതിനു വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

അതിനിടെ, എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍ അറിയിച്ചു. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നു ചൂണ്ടിക്കാട്ടി എറണാകുളം കലക്ടര്‍ക്കെതിരെ ബാലാവകാശ കമ്മിഷനിലും പരാതി ലഭിച്ചിട്ടുണ്ട്.

ഇന്നു രാവിലെ വിദ്യാര്‍ഥികള്‍ വാഹനങ്ങളില്‍ സ്‌കൂളുകളിലേക്കു പുറപ്പെട്ട ശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചത് കനത്ത വിമര്‍ശനത്തിനു വഴിവച്ചിരുന്നു. എറണാകുളം കലക്ടറിന്റെ ഫെയ്‌സ്ബുക് പേജില്‍ കടുത്ത വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമാണ് രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ അപകടങ്ങള്‍ ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചതെന്നും ക്ലാസ് തുടരാമെന്നു വിശദീകരണം വന്നെങ്കിലും സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ തിരിച്ചയച്ചു തുടങ്ങിയിരുന്നു.

ജോലിക്കാരായ മാതാപിതാക്കളില്‍ പലരും കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ജോലിക്കു പോകുമ്പോഴാണ് അവധി വിവരം അറിയുന്നത്. കുട്ടികള്‍ തിരികെ വന്നാല്‍ ഒറ്റയ്ക്കായി പോകുമെന്നു വന്നതോടെ പലരും ആശങ്കയിലുമായി. ഇതിനിടെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രഭാത ഭക്ഷണം ഒരുക്കിയതു നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular