കണ്ണൂർ: എൽ.പി. സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ ക്ലാസ് മുറിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകന് 79 വർഷം കഠിനതടവ്. പെരുന്തട്ടയിലെ എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന കണ്ണൂർ ആലപ്പടമ്പ് ചൂരൽ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി പി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം.
അധ്യാപകനായിരുന്ന ഗോവിന്ദൻ 2013 ജൂൺ മുതൽ 2014 ജനുവരി വരെയുള്ള കാലയളവിൽ അഞ്ചുവിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവത്തിൽ 2014 ഫെബ്രുവരിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ സർവീസിൽനിന്ന് പുറത്താക്കുകയും ചെയ്തു.
ലൈംഗികാതിക്രമം നടന്നവിവരം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിന് സ്കൂളിലെ പ്രധാനാധ്യപികയെയും മറ്റൊരു അധ്യാപികയെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ ഇരുവരെയും കോടതി വെറുതെവിട്ടു.
അഞ്ചുവിദ്യാർഥികൾക്കെതിരേ നടന്ന അതിക്രമങ്ങൾ അഞ്ചുകേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസിൽ പരാതിക്കാരുമായി പ്രതി ഒത്തുതീർപ്പിലെത്തിയിരുന്നു. മറ്റുനാല് കേസുകൾ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയെ 79 വർഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു.
പെരിങ്ങോം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി.ബി. സജീവ്, സുഷീർ എന്നിവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. വിചാരണയ്ക്കിടെ കേസിലെ സാക്ഷിയായ സ്കൂളിലെ ഒരു അധ്യാപിക കൂറുമാറുകയും ചെയ്തിരുന്നു.